പ്രതിരോധ ശേഷികൂടിയ റഷ്യയുടെ കൊറോണ വാക്സിൻ സ്പുട്നിക് വിയുടെ 27.9 ലക്ഷം ബാച്ച് ഇന്ന് ഇന്ത്യയിൽ എത്തും

ഹൈദരാബാദ്: പ്രതിരോധശേഷി കൂടിയ റഷ്യയുടെ കൊറോണ വാക്സിൻ സ്പുട്നിക് വിയുടെ പുതിയ ബാച്ച് ഇന്ന് ഇന്ത്യയിൽ എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് അർധരാത്രിയോടുകൂടി എത്തുക. ജൂൺ മാസത്തിൽ 50 ലക്ഷം അടക്കം, അടുത്ത രണ്ട് മാസത്തിനുള്ളിൽ മൊത്തം 1.8 കോടി ഡോസുകൾ എത്തിക്കാൻ സാധിക്കുമെന്നാണ് വാക്സിൻ വികസിപ്പിച്ച ഗമലേയ റിസർച്ച് സെന്റർ പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ രണ്ടു ബാച്ചുകളായി 210,000 ഡോസുകളാണ് ഇന്ത്യയിൽ എത്തിയത്. ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്സിൻ ഹൈദരാബാദിൽ എത്തുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുപ്രകാരം പ്രതീക്ഷിച്ച ഡോസുകളിൽ ബാക്കിയുള്ള ഡോസുകൾ തിങ്കളാഴ്ച രാത്രിയോടെ എത്തുമെന്ന് ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിലവിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന കൊറോണ പ്രതിരോധ വാക്സിനുകളേക്കാൾ കാര്യക്ഷമത കൂടുതലാണ് സ്പുട്നിക്കിന്. ഫൈസർ, മൊഡേണ വാക്സിനുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാര്യക്ഷമതയുളള വാക്സിനാണ് സ്പുട്നിക്. കൊറോണ ക്കെതിരേ 91.6 ശതമാനം ഫലപ്രദമാണ് ഈ വാക്സിൻ. ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി നൽകിയ മൂന്നാമത്തെ വാക്സിനുമാണ് സ്പുട്നിക്