ന്യൂഡെൽഹി: അലോപ്പതി ചികിൽസയ്ക്കെതിരേ വിവാദ പരാമർശം നടത്തിയ പതജ്ഞലി സ്ഥാപകനും യോഗ ഗുരുവുമായ ബാബാ രാംദേവിനെതിരെ നിലപാട് കടുപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ. ആധുനിക വൈദ്യാസ്ത്രം വിഡ്ഢിത്തരമാണെന്ന രാംദേവിന്റെ പരാമർശത്തിനെതിരെ റസിഡന്റ് ഡോക്ടർമാരുടെ സംഘടനയായ എഫ്ഒആർഡിഎ ഇന്ന് ദേശീയ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.
മനുഷ്യത്വ രഹിതവും വിവേകമില്ലാത്തതും പരിഹസിക്കുന്നതുമായ അഭിപ്രായ പ്രകടനമാണ് രാംദേവ് നടത്തിയതെന്നും അദ്ദേഹം പരസ്യമായി മാപ്പു പറയണമെന്നുമാണ് ഡോക്ടർമാരുടെ ആവശ്യം. രാംദേവിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണം എന്ന ആവശ്യവുമായി ഐഎംഎയും രംഗത്തെത്തിയിരുന്നു
അതേസമയം രാംദേവിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ ഡോക്ടർമാരുടെ സംഘടന. വൈദ്യശാസ്ത്രത്തിനും പ്രാക്ടീഷണർമാർക്കും എതിലെ രാംദേവ് നടത്തിയ പരാമർശത്തെ തുടർന്നാണ് ഡോക്ടർമാർ അഹമ്മദാബാദ് സിറ്റി പോലീസിനെ സമീപിച്ചത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും (ഐഎംഎ) അഹമ്മദാബാദ് മെഡിക്കൽ അസോസിയേഷന്റെയും (എഎംഎ) ഗുജറാത്ത് യൂണിറ്റിലെ മുതിർന്ന ഡോക്ടർമാരും ഭാരവാഹികളും നവരംഗ്പുര പോലീസിൽ പ്രത്യേക പരാതികൾ നൽകി. പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം എന്നീ വകുപ്പുകൾ പ്രകാരം രാംദേവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു.