ന്യൂഡെൽഹി: ബാങ്ക് വായ്പയെടുത്തുമുങ്ങിയതിന് ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ തേടുന്ന മെഹുൽ ചോക്സിയെ നാട്ടിലെത്തിക്കാൻ എട്ടംഗ സംഘം കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനികയിൽ എത്തി. സിബിഐ അടക്കമുള്ള വിവിധ ഏജൻസികളിൽ നിന്നുള്ളവരാണ് എട്ടംഗ സംഘത്തിലുള്ളതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ആൻറിഗ്വ ദ്വീപിൽ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മെഹുൽ ചോക്സി പിടിയിലാകുന്നത്.
ആൻറിഗ്വ ദ്വീപിൽ ജയിലിൽ കഴിയുന്ന മെഹുൽ ചോക്സിയെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യയിലെത്തിക്കാനാണ് അന്വേഷണ ഏജൻസികളിൽ നിന്നുള്ള പ്രതിനിധി സംഘം ഡൊമിനികയിൽ എത്തിയിരിക്കുന്നത്. കോടതി നടപടികളിൽ ഡൊമിനികൻ പബ്ലിക് പ്രോസിക്യൂട്ടറെ ഈ സംഘം സഹായിക്കും. 2018 മുതൽ മെഹുൽ ചോക്സി ആൻറിഗ്വ ദ്വീപിലാണ് കഴിയുന്നത്. അദ്ദേഹം അവിടത്തെ പൗരത്വം നേടിയിട്ടുണ്ടെന്നും ഇന്ത്യയിൽ ഇപ്പോൾ പൗരത്വമില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നത്.
ഖത്തറിൽ നിന്ന് പ്രത്യേക ജെറ്റ് വിമാനത്തിലാണ് മേയ് 28 ന് അന്വേഷണ സംഘം ഡൊമിനികയിൽ എത്തിയത്. ഇതേ വിമാനത്തിൽ മെഹുൽ ചോക്സിയെ ഇന്ത്യയിൽ എത്തിക്കാനാണ് നീക്കം. ഡൽഹിയിൽ എത്തിയ ഉടനെ ചോക്സിയെ അറസ്റ്റ് ചെയ്തേക്കും. ബാങ്കിങ് തട്ടിപ്പുകൾ അന്വേഷിക്കുന്ന സിബിഐ സംഘത്തെ നയിക്കുന്ന ഷാരദ റൗത്താണ് ഡൊമിനികയിൽ എത്തിയ സംഘത്തിലെ പ്രധാനി.