സിംഗപൂർ: വിദ്യർഥികളിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് കൗമാരക്കാർക്ക് കൊറോണ വാക്സിൻ നൽകുന്ന ആദ്യ രാജ്യമാകാൻ സിംഗപൂർ. 12-18 പ്രായപരിധിയിലുള്ളവർക്ക് നാളെ മുതൽ വാക്സിൻ നൽകാനാണ് തീരുമാനം. പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്താൽ പുതിയൊരു രോഗവ്യാപന സാധ്യത തടയാമെന്ന് പ്രധാനമന്ത്രി ലീ സീൻ ലൂങ് പറഞ്ഞു.
വാക്സിൻ സ്വീകരിക്കാൻ കഴിയുന്ന മുഴുവനാളുകൾക്കും സിംഗപൂർ ദേശീയ ദിനമായ ഓഗസ്റ്റ് ഒമ്പതിനകം ഒരു ഡോസെങ്കിലും വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിംഗപൂരിലെ മൂന്നിലൊന്ന് ആളുകൾക്ക് ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
നേരത്തെയുണ്ടായിരുന്ന കൊറോണ നിയന്ത്രണങ്ങൾ സിംഗപൂർ എടുത്തുകളഞ്ഞിരുന്നു. കൊറോണ കേസുകളിൽ നേരിയ വർധന വന്നതോടെ മേയ് മാസത്തിൽ വീണ്ടും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. ജൂൺ 13 വരെയാണ് നിലവിലുള്ള നിയന്ത്രണങ്ങൾ. കൊറോണ സ്ഥിരീകരിക്കുന്നവരുടെ സമ്പർക്ക പട്ടിക ഉണ്ടാക്കി ക്വാറൻറീൻ ചെയ്യിക്കുന്നതടക്കമുള്ള പ്രതിരോധ നടപടികൾ സിംഗപൂർ ഇപ്പോഴും തുടരുന്നുണ്ട്.
ഫൈസർ, മൊഡേണ വാക്സിനുകളാണ് സിംഗപൂർ പ്രധാനമായും ഉപയോഗിക്കുന്നത്. ജോൺസൺ & ജോൺസൺ, ആസ്ട്രസെനിക, സിനോഫാം തുടങ്ങിയ വാക്സിനുകൾ സ്വകാര്യ ആശുപത്രികളിൽ വിതരണം ചെയ്യാനുള്ള അനുമതി ഇന്ന് സിംഗപൂർ പ്രഖ്യാപിച്ചിട്ടുണ്ട്.
സമീപ രാജ്യങ്ങളോട് താരതമ്യം ചെയ്യുമ്പോൾ സിംഗപൂരിലെ കൊറോണ കേസുകൾ വളരെ കുറവാണ്. തിങ്കളാഴ്ച 16 പേർക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്. ഈ മാസം കൂടുതൽ കൊറോണ കേസുകൾ സ്ഥിരീകരിച്ചത് മേയ് 16 ന് ആയിരുന്നു. 38 പേർക്കാണ് അന്ന് കൊറോണ സ്ഥിരീകരിച്ചത്.