തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ സംഘം തട്ടിയെടുത്ത രണ്ടു കോടി രൂപ കണ്ടെത്താനായി പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ്. ആകെ നഷ്ടമായ മൂന്നര കോടിയിൽ ഒന്നേകാൽ കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ബാക്കിയുള്ള രണ്ടര കോടി രൂപയ്ക്കായാണ് തെരച്ചിൽ നടത്തുന്നത്. കുഴൽപ്പണ കേസിൽ ഇതുവരെ 76 പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. കേസിൽ 19 പ്രതികളും അറസ്റ്റിലായി. ഇവരിൽനിന്നാണ് 1.26 കോടി രൂപ ഇതുവരെ കണ്ടെടുത്തത്.
കേസിലെ 12 പ്രതികളുടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ഇരുപത് പേർക്കായി പണം നൽകിയെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
അതേസമയം,കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീഷ് ചോദ്യംചെയ്യലിന് ഹാജരായി. ചോദ്യം ചെയ്യൽ തുടങ്ങി. പണവുമായെത്തിയ ധർമ്മരാജൻ ഉൾപ്പെടെയുള്ള സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. മുറിയെടുത്ത് നൽകിയതുമായി ബന്ധപ്പെട്ടാണ് സതീഷിനെ പോലീസ് സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
അതിനിടെ, തനിക്ക് പണം നൽകിയത് ആരാണെന്നത് സംബന്ധിച്ച് ധർമരാജൻ കൃത്യമായ മൊഴി നൽകിയിട്ടില്ല. ഇത് സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് തൃശ്ശൂർ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി പണം കവർന്നത്. കാറിലുണ്ടായിരുന്ന 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ഡ്രൈവറായ ഷംജീറിന്റെയും ധർമരാജന്റെയും പരാതി.