തിരുവനന്തപുരം: ചാല മാർക്കറ്റിൽ വൻ തീപിടിത്തം. ഫയർ ഫോഴ്സിന്റെ നാല് യൂണിറ്റ് തീയണക്കാൻ ശ്രമിക്കുകയാണ്. തിരുവനന്തപുരം പത്മനാഭ തീയറ്ററിന് സമീപത്താണ് അപകടം നടന്നത്. കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് അടഞ്ഞു കിടന്ന കടയിലാണ് അപകടം നടന്നത്. വൈകിട്ട് 5.30ഓടെയാണ് തീപിടിത്തമുണ്ടായത്.
കളിപ്പാട്ടങ്ങൾ ഹോൾസെയിലായി വിൽക്കുന്ന മഹാദേവ് ടോയ്സ് സെന്റർ എന്ന കടയിലാണ് വൈകീട്ടോടെ തീപിടിച്ചത്. ഇവിടെ ഒരു ജീവനക്കാരൻ ഉണ്ടായിരുന്നതായി സ്ഥലത്തെ ചുമട്ടുതൊഴിലാളികൾ പറഞ്ഞു. എന്നാൽ ആളപായമില്ലെന്ന് ഫയർ ഫോഴ്സ് സംഘം അറിയിച്ചിട്ടുണ്ട്. തീപിടിച്ച കടയുടെ തൊട്ടുതാഴെ തുണിക്കടയാണ്. വശങ്ങളിൽ വേറെയും കടകൾ ഉണ്ട്.
തീ കൂടുതൽ പടരാതിരിക്കാൻ ഫയർഫോഴ്സ് ശ്രമം തുടങ്ങി. മേയറടക്കമുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തിയിട്ടുണ്ട്. മുൻ മേയറും എംഎൽഎയുമായ വികെ പ്രശാന്തും സ്ഥലത്തെത്തി.