ന്യൂഡെൽഹി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ ഇറക്കിയ ഉത്തരവ് അതേപടി നടപ്പാക്കില്ലെന്നും ജനങ്ങളുടെ അഭിപ്രായങ്ങൾ അനുസരിച്ച് തീരുമാനങ്ങൾ നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയതായി അമിത് ഷായുമായിയുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അബ്ദുല്ലാക്കുട്ടി പറഞ്ഞു.
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കിയ പരിഷ്കാരങ്ങൾ സംബന്ധിച്ച് വലിയ രീതിയിൽ ആശങ്കകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വവും ലക്ഷദ്വീപിന്റെ ചുമതലയുമുള്ള ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയും ഡെൽഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ കണ്ടത്. ദേശീയ അധ്യക്ഷൻ ജെപി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ ഇവർ ആശങ്കകൾ പങ്കുവെച്ചിരുന്നു. തുടർന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ടത്.
ലക്ഷദ്വീപിൽ നിലവിൽ ഇറക്കിയിരിക്കുന്ന വിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കില്ല. ജനങ്ങളുടെ ആശങ്കകൾ ദൂരീകരിച്ചുകൊണ്ടുള്ള നടപടികൾ മാത്രമേ ഉണ്ടാകൂ എന്ന ഉറപ്പാണ് നേതാക്കൾക്ക് നൽകിയിരിക്കുന്നത്.
പരിഷ്കാരങ്ങളിൽ ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഇതിൽ ആശങ്കയുണ്ടെന്ന വിവരമാണ് ബിജെപി ലക്ഷദ്വീപ് ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോടും സംസാരിച്ചിരുന്നില്ല, എന്നാൽ ഇന്ന് തനിക്ക് ആശ്വാസത്തിന്റെ ദിവസമാണെന്നും ദേശീയ നേതാക്കൾ എല്ലാക്കാര്യത്തിലും ഉറപ്പ് നൽകിയെന്നും ലക്ഷദ്വീപ് ബി.ജെ.പി. അധ്യക്ഷൻ അബ്ദുൾ ഖാദർ ഹാജി പറഞ്ഞു