കുറഞ്ഞ ചെലവിൽ ജർമനിയുടെ ക്യൂർവാക് വാക്‌സിൻ; പ്രതീക്ഷയോടെ രാജ്യങ്ങൾ

ബെർലിൻ: കൊറോണ പ്രതിരോധത്തിന് മറ്റൊരു വാക്‌സിൻകൂടെ എത്തുന്നു. ജർമൻ കമ്പനിയായ ക്യൂർവാക് ആണ് പുതിയ വാക്‌സിനേഷൻ വിവരങ്ങൾ പ്രഖ്യാപിച്ചത്. വൈറസിൽ നിന്നും എത്രത്തോളം സംരക്ഷണം നൽകും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല എങ്കിലും മറ്റു വാക്‌സിനുകളുമായി താരതമ്യം ചെയ്യുമ്പോൾ ചിലവ് വളരെ കുറവാണ്.

മോഡേണയും ഫൈസർബയോ ടെക്കും വികസിപ്പിച്ചെടുത്തത് പോലെ എംആർഎൻഎ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ക്യൂർവാക് വാക്‌സിൻ. യുഎസിലും യൂറോപ്യൻ യൂണിയനിലും എംആർഎൻഎ വാക്‌സിൻ ഇപ്പോൾ തന്നെ ഉപയോഗത്തിലുണ്ട്. അവ വളരെ ഫലപ്രദമാണു താനും. മറ്റു വാക്‌സിനുകളെ അപേക്ഷിച്ച് ക്യൂർവാക്കിന്റെ വാക്‌സിന് ചില ഗുണങ്ങളുണ്ട്. ഇത് 41 ഡിഗ്രി ഫാരൻഹീറ്റിൽ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഒരു റഫ്രിജറേറ്ററിൽ സൂക്ഷിക്കാം. മാത്രമല്ല ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ഊഷ്മാവിൽ 24 മണിക്കൂർ ഇരിക്കും.

മോഡേണ, ഫൈസർബയോടെക് വാക്‌സിനുകൾ വലിയ രീതിയിൽ മരവിപ്പിച്ചു വേണം ഉപയോഗിക്കാൻ. അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ ഇത് പ്രാവർത്തികമാകുമെങ്കിലും മറ്റൊരിടത്തും ഇതിനുള്ള സാങ്കേതിക സംവിധാനങ്ങളില്ല. ക്യൂർവാക് വാക്‌സിന്റെ ഡോസുകൾ മറ്റുള്ളവയേക്കാൾ വിലകുറഞ്ഞതായി മാറിയേക്കാമെന്നും കരുതുന്നു.

ആർഎൻഎ വാക്‌സിനുകൾ നിർമ്മിക്കുന്നതിനുള്ള ചെലവ് കണക്കാക്കി ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകർ ഒരു റിപ്പോർട്ട് പുറത്തിറക്കി. 8 ബില്യൺ ഡോസുകൾ ഫൈസർബയോടെക് നിർമ്മിക്കാൻ 23 ബില്യൺ ഡോളറും മോഡേണയ്ക്ക് 9 ബില്യൺ ഡോളറും വേണ്ടിവരുമ്പോൾ ക്യൂർവാക്കിന് വെറും 4 ബില്യൺ ഡോളർ മതി. ചെലവ് കുറയുന്നുവെന്നതാണ് വലിയ ഗുണം.

ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ ഇതിലേക്ക് തിരിഞ്ഞാൽ വളരെ പെട്ടെന്നു തന്നെ രാജ്യത്തെ പകുതിയിലേറെപേർക്കും ഈ വർഷം തന്നെ വാക്‌സിൻ വിതരണം നേടിയെടുക്കാനാവുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. കമ്പനിയുടെ വാക്‌സിൻ മൃഗങ്ങളിൽ ഉപയോഗിക്കുമ്പോൾ മികച്ച ഫലങ്ങൾ നൽകി.

ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും 10 രാജ്യങ്ങളിലായി 40,000 വോളന്റിയർമാരെ റിക്രൂട്ട് ചെയ്തുകൊണ്ട് ഡിസംബറോടെ അവർ അന്തിമ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചു. വാക്‌സിൻ ട്രയലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പറയുമെന്നു ക്യൂർവാക് അറിയിച്ചു. ഇത് പുറത്തുവരുന്നതോടെ വാക്‌സിനേഷിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധരുടെ കണക്കുകൂട്ടൽ.