ടെക്സാസ്: തടിമാടൻമാരായ കരടിക്കുട്ടന്മാർ സ്കൂൾ വിദ്യാർത്ഥികളുടെ പൂൾ പാർട്ടി അലങ്കോലമാക്കി. ടെന്നസിയിലെ ജെഫെഴ്സൺ കൗണ്ടി ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ നീന്തൽ കുളത്തിലെ കളിതമാശകൾക്കൊപ്പം സമീപത്തെ മലനിരകളിൽ നിന്നെത്തിയ കരടികൾ പങ്ക് ചേർന്നതോടെയാണ് സംഭവം ഗൗരവമായത്. വിദ്യർത്ഥികൾ ഓഫീസേഴ്സ് ട്രെയിങ് പ്രോഗ്രാമിൻ്റെ ഭാഗമായി ഗട്ടിലിൻബർഗിലെ ചാലറ്റ് ഗ്രാമത്തിലെ നീന്തൽകുളത്തിൽ ആർത്തുല്ലസിക്കുന്നതിനിടെയാണ് കറുത്ത തടിമാടന്മാരായ ഏഴ് കരടിക്കുട്ടന്മാർ ഓടിയടുത്തത്.
കരടികളെ കണ്ട് ഭയന്ന് വിദ്യാർത്ഥികൾ ഓടിമറയുന്നത് പ്രദേശവസികളിൽ ആരോ എടുത്ത വീഡിയോവിൽ വ്യക്തമായി കാണാനാകും. സമീപത്തെ ഗ്രേറ്റ് സ്മോക്കി മലനിരകളിൽ നിന്ന് എത്തിയതാണ് ഈ കരടിക്കൂട്ടം എന്നാണ് നാട്ടുകാർ പറയുന്നത്. കാണാൻ കേമന്മാരാണെങ്കിലും ഇവരെ ബഹുമാനിക്കണമെന്നും അകലം പാലിക്കണമെന്നും ഇവയ്ക്ക് തീറ്റകൾ നൽകാൻ പാടില്ലെന്നുമാണ് നാട്ടുകൾ പറയുന്നത്.
ചുരുക്കം ഒന്നോ രണ്ടോ കരടികളെ മാത്രമാണ് കാണാൻ സാധിക്കാറുള്ളത്, എന്നാൽ ഏഴെണ്ണത്തെ ആദ്യമായിട്ടാണ് കാണാനിടയായതെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. എന്തായാലും നീന്തൽകുളത്തിലെ കരടികളുടെ അഭ്യാസ മുറകൾ നവമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിരിക്കുകയാണ്.