ജനന നിരക്ക് കുറയുന്നു; ‘രണ്ടു കുട്ടികൾ’ നയം അവസാനിപ്പിച്ച് ചൈന; ഇനി മൂന്ന് കുട്ടികൾ വരെയാകാം

ബീജിംഗ്: ജനനനിരക്ക് കുറയുന്നത് ഭാവിയിൽ ഭീക്ഷണിയാകുമെന്നത് മുന്നിൽ കണ്ട് ചൈന നയം മാറ്റുന്നു. വിവാദമായ ‘രണ്ടു കുട്ടികൾ’ എന്ന നയം അവസാനിപ്പിക്കുകയാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ ഇനി ദമ്പതികൾക്ക് ഇപ്പോൾ മൂന്ന് കുട്ടികൾ വരെയാകാമെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്തിന്റെ ജനനനിരക്ക് കുറയുന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാനാണ് ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു.

ബീജിങിൽ ചേർന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും പുതിയ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പി ബി യോഗത്തിൽ പ്രസിഡന്റും പാർട്ടി ജനറൽ സെക്രട്ടറിയുമായ ഷീ ജിൻപിംഗ അധ്യക്ഷത വഹിച്ചു. ഈ തീരുമാനം ‘നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യാ ഘടന മെച്ചപ്പെടുത്തുന്നതിനും പ്രായമാകുന്ന ജനങ്ങളോട് സജീവമായി പ്രതികരിക്കുന്നതിന് ഒരു ദേശീയ തന്ത്രം നടപ്പിലാക്കാനും’ സഹായിക്കുമെന്ന് സി‌സി‌പി (ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി) പ്രസ്താവനയിൽ പറയുന്നു.

1978 ൽ ചൈന ആദ്യമായി ഒരു കുട്ടി നയം നടപ്പിലാക്കിയത് ചൈനീസ് തീരപ്രദേശങ്ങളിലെ സാമ്പത്തിക കുതിച്ചുചാട്ടം കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള രാജ്യത്ത് വലിയതോതിതുള്ള വികസന കുതിച്ചുചാട്ടത്തിന് തുടക്കമിടുമ്പോഴായിരുന്നു. എന്നാൽ, 2016 ജനുവരി മുതൽ, ദമ്പതികൾക്ക് രണ്ടു കുട്ടികൾ വരെയാകാമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചിരുന്നു