ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടെ പണിയുന്നതിനുള്ള സെൻട്രൽ വിസ്ത അവശ്യപദ്ധതിയാണെന്ന് ഡെൽഹി ഹൈക്കോടതി. പദ്ധതിയുടെ നിർമാണം തടയണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി കോടതി തള്ളി. അനാവശ്യ ഹർജി നൽകിയതിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
സെൻട്രൽ വിസ്ത പദ്ധതിയുടെ നിയമസാധുത സുപ്രീം കോടതി ശരിവച്ചിട്ടുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. ഡെൽഹി ദുരന്ത നിവാരണ അതോറിറ്റിയും പദ്ധതിക്കു പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഇപ്പോൾ സൈറ്റിലുള്ള തൊഴിലാളികളാണ് പണി നടത്തുന്നത്. അതുകൊണ്ടുതന്നെ പദ്ധതി നിർത്തിവയ്ക്കാൻ കാരണമൊന്നും കാണുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണം നിർത്തിവയ്ക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജിക്കു മറ്റു ലക്ഷ്യങ്ങൾ ഉണ്ടെന്നും ഇതു പൊതുതാത്പര്യ ഹർജിയായി കാണാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഷപ്പൂർജി പല്ലോൻജി ഗ്രൂപ്പിനു നൽകിയ കരാർ പ്രകാരം ഈ വർഷം നവംബറിനു മുമ്പ് പണി പൂർത്തയാക്കണം. അതുകൊണ്ട് അതു തുടരാൻ അനുവദിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കൊറോണ കാലത്തും സെൻട്രൽ വിസ്ത പദ്ധതിയുടെ പണി തുടരുന്നതിനെതിരെ അന്യ മൽഹോത്ര, സുഹൈൽ ഹാഷ്മി എന്നിവരാണ് ഹർജി നൽകിയത്.