വി കെ ശശികല തമിഴ് രാഷ്ട്രിയത്തിലേക്ക് മടങ്ങി വരുന്നു? ; ശബ്ദരേഖ പ്രചരിപ്പിച്ച് ആരാധകർ

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വി കെ ശശികല രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്ന് സൂചന. കൊറോണയുടെ സാഹചര്യം മാറുന്ന പക്ഷം എഐഎഡിഎംകെയിലേക്ക് തിരികെ വരുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാളുമായി ഫോണില്‍ സംസാരിക്കവെ ശശികല വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.

മടങ്ങിവരവ് ശരിവയ്ക്കുന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകനുമായുള്ള ശശികലയുടെ സംഭാഷണം. ”വിഷമിക്കേണ്ട, ഞാന്‍ മടങ്ങി വരും, കൊറോണ സാഹചര്യം മാറിയാല്‍ എഐഎഡിഎംകെയിലെ പ്രശ്‌നങ്ങള് പരിഹരിക്കാം. ധൈര്യമയിരിക്കു”- പാര്‍ട്ടി പ്രവര്‍ത്തകനുമായുള്ള സംഭാഷണത്തില്‍ വി കെ ശശികല പറയുന്നു. ഈ ശബ്ദ സന്ദേശം ചിലർ പ്രചരിപ്പിച്ചതോടെ സമൂഹ മാധ്യമങ്ങലില്‍ വൈറലായി. ഇതാണ് ശശികലയുടെ തിരിച്ചു വരവ് ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.

ശബ്ദ സന്ദേശത്തിന്റെ ആധികാരികത സംബന്ധിച്ച് സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് ശരിയാണെന്ന് എഎംഎംകെ ജനറല്‍ സെക്രട്ടറി ടിടിവി ദിനകറിന്റെ പിഎ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്ക് ഭരണം നഷ്ടപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് ശശികലയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജയലളിതയുടെ അടുത്ത അനുയായി ആയിരുന്ന ശശികല നേരത്തെ രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദനകേസില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശശികല ഫെബ്രുവരിയിലാണ് നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി മോചിതയായത്. ജയില്‍ മോചനത്തിന് ശേഷം എഐഎഡിഎംകെയില്‍ ശശികല നിര്‍ണ്ണായക സ്ഥാനം വഹിക്കുമെന്ന് കരുതിയിരിക്കവെയാണ് രാഷ്ട്രിയത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.