കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തില്‍ നിന്നും നദിയിലെറിയുന്ന ദൃശ്യം പുറത്ത്

ലഖ്‌നൗ: കൊറോണ ബാധിച്ച മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.പിപിഇ കിറ്റ് ധരിച്ചത്തിയ ഒരാളും മറ്റൊരാളും ചേര്‍ന്ന് രപ്തി നദിക്ക് കുറുകെയുള്ള പാലത്തില്‍ നിന്നും മൃതദേഹം എറിയുന്നതായി ദൃശ്യത്തില്‍ കാണാം. ഉത്തര്‍പ്രദേശിലെ ബെല്‍റാം പൂരില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ ദൃശ്യം പുറത്തു വന്നത്. ഇതുവഴി വാഹനത്തില്‍ സഞ്ചരിച്ചവരാണ് സംഭവം പകര്‍ത്തിയത്. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം സിദ്ധാര്‍ത്ഥനഗര്‍ സ്വദേശിയായ പ്രേംനാഥിന്റെ മൃതദേഹമാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടതെന്നാണ് അറിയുന്നത്. ഈ മാസം 25 ന് കൊറോണ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പ്രേംനാഥ് 28ന് മരണപ്പെട്ടതിനെ തുടര്‍ന്ന് കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയെന്ന് ബെല്‍റാംപൂരിലെ മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. ബന്ധുക്കളാകാം മൃതദേഹം ഉപേക്ഷിച്ചതെന്നും മെഡിക്കല്‍ ഓഫീസര്‍ വിശദീകരിക്കുന്നു.

ഉത്തര്‍പ്രദേശില്‍ ഈയിടെ ആയിരക്കണക്കിന് മൃതദേഹങ്ങള്‍ ആഴമില്ലാത്ത കുഴിമാടങ്ങളില്‍ കുഴിച്ചിട്ടതും ചിലത് നദിയില്‍ വലിച്ചെറിയപ്പെട്ടതും വാര്‍ത്തയായതിന് പിന്നാലെയാണ് ഇത്തരമൊരു ദൃശ്യം പുറത്തുവരുന്നത്. നദികളില്‍ മൃതദേഹങ്ങള്‍ ഒഴുക്കി വിടുന്നത് സംബന്ധിച്ച് ശ്രദ്ധ നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. ദാരിദ്ര്യവും അവബോധമില്ലായ്മയും കാരണം ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും നദീതീരങ്ങളില്‍ പെട്രോളിംഗ് വര്‍ദ്ധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.