ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച്‌ ഉത്തർപ്രദേശ്; ജൂൺ ഒന്നുമുതൽ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ ഇളവുകൾ

ലക്‌നൗ: ഉത്തർപ്രദേശിൽ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച്‌ യോഗി സർക്കാർ. ജൂൺ ഒന്നുമുതൽ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ ഇളവുകൾ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് രൂക്ഷമായിരുന്ന കൊറോണ വ്യാപനം പിടിച്ചുനിർത്തി കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഉത്തർപ്രദേശ് സർക്കാർ ലോക്ക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചത്.

കൊറോണ വ്യാപനം കുറഞ്ഞ സ്ഥലങ്ങളിലാണ് അൺലോക്ക് ആദ്യം ആരംഭിക്കുക. ആദ്യഘട്ടമെന്ന നിലയിൽ കടകൾക്കും ചന്തകൾക്കും തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഏഴുമണിമുതൽ വൈകിട്ട് ഏഴുമണിവരെ തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കി.

സംസ്ഥാനത്ത് 600ൽ താഴെ കൊറോണ രോഗികൾ ചികിത്സയിലുള്ള ജില്ലകൾക്ക് മാത്രമാണ് ഈ ഇളവ്. 600ൽ അധികം കൊറോണ രോഗികൾ ചികിത്സയിലുള്ള മീററ്റ്, ലക്‌നൗ, വാരണാസി, ഗാസിയാബാദ് തുടങ്ങി 20ൽ അധികം ജില്ലകളിൽ അൺലോക്ക് പ്രക്രിയ ആരംഭിക്കില്ല. ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നാലും സ്‌കൂൾ, കോളജുകൾ എന്നിവ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.