വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ 12 കോടി ഡോസുകള്‍ അടുത്ത മാസം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: സംസ്ഥാനങ്ങളിലെ കൊറോണ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അടുത്ത മാസം 12 കോടി വാക്സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 6.09 കോടി വാക്സിന്‍ ഡോസുകള്‍ കേന്ദ്രം സൗജന്യമായി നല്‍കുമ്പോള്‍ ശേഷിക്കുന്ന 5.86 കോടി ഡോസ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിക്കുണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.

കൊറോണ രണ്ടാം ഘട്ട വ്യാപനം അതിരൂക്ഷമായി നേരിട്ട സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വാക്‌സിനേഷന്‍ കൂടി പൂര്‍ത്തിയാക്കുന്ന പക്ഷം മാത്രമെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകു എന്നാണ് വിലയിരുത്തല്‍. കൊറോണ രൂക്ഷമായ സംസ്ഥാനങ്ങള്‍ നിലവില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതടക്കമുള്ള സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്നു. അതിനാല്‍ നിയന്ത്രണങ്ങള്‍ക്കിടെ വാക്സിനേഷന്‍ വേഗത്തിലാക്കണമെന്നും കൂടുതല്‍ വാക്സിന്‍ അനുവദിക്കണമെന്നുമാണ് സംസ്ഥാനങ്ങളുടെ ആവശ്യം. വാക്സിന്‍ വിതരണം വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാകുന്നതടക്കമുള്ള കൂടുതല്‍ വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. വിദേശരാജ്യങ്ങളില്‍ വിജയകരമായി നല്‍കി വരുന്ന വാക്‌സിനുകള്‍ തദ്ദേശീയ പരീക്ഷണത്തിന് വിധേയമാകാതെ തന്നെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് അനുമതി നല്‍കുന്നതിനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്.

ഈ വര്‍ഷം ഡിസംബറോടെ വാക്സിനേഷന്‍ രാജ്യത്ത് പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇതിനായി വാക്സിനുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.