മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂൺ 15 വരെ നീട്ടി

മുംബൈ: മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂൺ 15 വരെ നീട്ടി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയും ഓക്സിജൻ കിടക്കകളുടെ ഉപയോഗം 40 ശതമാനത്തിൽ താഴെയുമുള്ള ജില്ലകളിൽ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കും.

രോഗബാധ കൂടുന്ന ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗൺ പിൻവലിക്കാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പലരും ഭീഷണി മുഴക്കുന്നുണ്ടെന്നും എന്നാൽ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് തനിക്ക് അഭ്യർഥിക്കാനുള്ളതെന്നും ഉദ്ധവ് പറഞ്ഞു.

മൂന്നാം തരംഗം എപ്പോൾ വരുമെന്ന് പറയാൻ കഴിയില്ല. അതിനാൽ അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.