മഥുര: യുവ അഭിഭാഷക തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. നിയമ അധ്യാപകനും മറ്റ് മൂന്നുപേരും ചേർന്ന് ബലാത്സംഗം ചെയ്തുവെന്ന യുവ അഭിഭാഷകയുടെ പരാതി പോലീസ് കണ്ടില്ലെന്ന് നടിച്ചതിൽ
പ്രതിഷേധിച്ചാണ് മഥുര പൊലീസ് സ്റ്റേഷനുമുന്നിലെത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.
പെട്രോളോ ഡീസലോ ദേഹത്തൊഴിച്ച് യുവതി തീപ്പെട്ടി ഉരയ്ക്കാൻ ശ്രമിച്ചെങ്കിലും രണ്ട് പൊലീസുകാർ ചേർന്ന് തടയുകയായിരുന്നുവെന്ന് മഥുര പൊലീസ് സൂപ്രണ്ട് പറഞ്ഞു. അഭിഭാഷകയുടെ പരാതിയിൽ പൊലീസ് നടപടി എടുത്തില്ലെന്ന ആരോപണം പൊലീസ് നിഷേധിച്ചു. നിയമ അധ്യാപകനും സുഹൃത്തുക്കൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസ് അന്വേഷിച്ചുവരികയാണെന്നും പൊലീസ് വിശദീകരിച്ചു.
എന്നാൽ, തന്നെ മെഡിക്കൽ പരിശോധനക്ക് അയച്ചിട്ടില്ല, പരാതി നൽകിയിട്ടും കുറ്റവാളികൾക്ക് എതിരെ ഒരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ല എന്നാണ് അഭിഭാഷകയുടെ പരാതി. അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസുകാർക്ക് എതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.