ലണ്ടൻ: കൊറോണ പ്രതിരോധ വാക്സിൻ 12-15 വയസ്സുകാർക്ക് കൂടി ബാധകമാക്കി യൂറോപ്യൻ യൂണിയൻ. ഫൈസർ കൊറോണ വാക്സിൻ കുത്തിവെപ്പിന് ആണ് അനുമതി. പാർശ്വഫലങ്ങളുണ്ടാക്കുന്നില്ലെന്നും ആശങ്കക്ക് വകയില്ലെന്നും യൂറോപ്യൻ മെഡിസിൻസ് ഏജൻസി അറിയിച്ചു. കുട്ടികൾക്ക് കൂടി വാക്സിൻ നൽകൽ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ആവശ്യമാണെന്ന് ഏജൻസി വാക്സിൻ വിഭാഗം മേധാവി മാർകോ കവലേരി പറഞ്ഞു.
യുഎസും കാനഡയും നേരത്തെ ഫൈസർ വാക്സിൻ കുട്ടികളിൽ അനുമതി നൽകിയിരുന്നു. ഈ പ്രായക്കാർക്ക് രണ്ടു ഡോസ് വാക്സിനാണ് ആവശ്യം. ചുരുങ്ങിയത് രണ്ടാഴ്ച ഇടവേളയിലാണ് ഇത് കുത്തിവെക്കേണ്ടത്. ഓരോ രാജ്യത്തിനും ഇനി വിഷയത്തിൽ തീരുമാനമെടുക്കാമെന്നും ഏജൻസി അറിയിച്ചു. ജർമനി കഴിഞ്ഞ ദിവസം കുട്ടികൾക്ക് വാക്സിൻ നൽകാൻ തീരുമാനമെടുത്തിരുന്നു. ഇറ്റലിയും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കുട്ടികളിൽ കൊറോണ അത്രമേൽ ഗുരുതരമായി ബാധിക്കുന്ന സംഭവങ്ങൾ കുറവാണ്. പലരിലും അടയാളം പോലും കാണാതെയാണ് വൈറസ് ബാധ വന്നുപോകുന്നത്. 2,260 കുട്ടികളിൽ പരീക്ഷണം നടത്തിയതിൽ 100 ശതമാനവും വിജയമാണെന്ന് നേരത്തെ ഫൈസർ വ്യക്തമാക്കിയിരുന്നു.