ന്യൂഡെൽഹി: കൊറോണ ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി പ്രത്യേക പാക്കേജ് അവതരിപ്പിച്ച് കേന്ദ്രസർക്കാർ. കുട്ടികൾക്ക് പൂർണമായും സൗജന്യ വിദ്യാഭ്യാസം നൽകും. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസും ലഭ്യമാക്കും. കേന്ദ്രീയ, നവോദയ, സൈനിക് സ്കൂളുകളിൽ പഠിക്കാനുള്ള സാഹചര്യമാവും ഒരുക്കുക.
കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിലാണ് അഡ്മിഷൻ ലഭിക്കുന്നതെങ്കിൽ ഫീസ് സർക്കാർ വഹിക്കും.10 ലക്ഷം രൂപ പി.എം കെയേഴ്സ് ഫണ്ടിൽ നിന്നും മാറ്റിവെക്കും. 18 വയസ്സ് പൂർത്തിയായാൽ ഈ തുകയിൽ നിന്ന് സ്റ്റൈപ്പൻഡ് നൽകും. 23ാം വയസ്സിൽ തുക പൂർണമായും കുട്ടികൾക്ക് കൈമാറുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഉന്നതവിദ്യാഭ്യാസത്തിനായി വായ്പകൾ നൽകും. വായ്പ പലിശ കേന്ദ്ര സർക്കാർ വഹിക്കും. വിവിധ സംസ്ഥാന സർക്കാറുകൾ കൊറോണ ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാറിന്റെയും പാക്കേജ്.