ന്യൂഡെൽഹി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയിരുന്ന പണം വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് എത്തും. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ അർഹരായ എല്ലാ വിദ്യാർഥികളുടേയും അക്കൗണ്ടിലേക്ക് പണം വിതരണം ചെയ്യും. പ്രത്യേക ക്ഷേമ നടപടിയായിട്ടാണ് ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി പണം നേരിട്ട് വിതരണം ചെയ്യാനൊരുങ്ങുന്നത്.
രാജ്യത്തെ 11.20 ലക്ഷം സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 11.8 കോടി വിദ്യാർത്ഥികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഉച്ചഭക്ഷണ പദ്ധതിയുടെ പാചക ചെലവ് ആണ് ഇത്തരത്തിൽ വിദ്യാർഥികൾക്ക് നേരിട്ട് വിതരണം ചെയ്യുക. ഇതിന് വേണ്ടി കേന്ദ്രസർക്കാർ 1200 കോടി രൂപ അധികമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകും.
മഹാമാരി കാലത്ത് കുട്ടികളുടെ പോഷക അളവ് സംരക്ഷിക്കുന്നതിനും അവരുടെ പ്രതിരോധശേഷി സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ വളരെ കുറഞ്ഞ തുകയായിരിക്കും വിദ്യാർഥികൾക്ക് ലഭിക്കുകയെന്നും അഭിപ്രായം ഉയരുന്നുണ്ട്.