തിരുവനന്തപുരം: സംസ്ഥാനത്തെ 350 കിലോമീറ്റർ കടൽതീരം ഇടിഞ്ഞു തീരുകയാണെന്നും 70 ശതമാനം തീരപ്രദേശവും കടുത്ത കടലാക്രമണ ഭീഷണിയിലെന്നും മുന്നറിയിപ്പ്. കടൽഭിത്തിയുണ്ടായിട്ടും ഗുണം ചെയ്യുന്നില്ലെന്ന കേന്ദ്ര പരിസ്ഥിതി വകുപ്പിൻ്റെ കണ്ടെത്തൽ സർക്കാർ അവഗണിക്കുകയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അതീവ ഗുരുതര സാഹചര്യം നേരിടാൻ ശാസ്ത്രീയ പരിഹാരനടപടികൾ വേണമെന്നും ഇവർ ആവശ്യപ്പെട്ടു. കാലവർഷമാകുന്നതോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്ന്കേന്ദ്ര പരിസ്ഥിതി വകുപ്പിൻ്റെ പഠനം പറയുന്നു. 63.3 ശതമാനം തീരത്തും കടൽ ഭിത്തിയോ പുലിമുട്ടോ ഇട്ട് തിരകളെ തടയാനുള്ള നിർമ്മിതികളുണ്ട്. എന്നാലവയൊന്നും ഫലം കാണിലെന്നും ശാസ്ത്രീയ പരിഹാര നടപടികൾ തന്നെ വേണമെന്നും പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി.
തിരുവനന്തപുരത്തെ പൊഴിയൂർ, എറണാകുളത്തെ ചെല്ലാനം തീരങ്ങളിലായിരുന്നു കഴിഞ്ഞ വർഷത്തെ ഏപ്രിൽ മേയ് മാസത്തെ മഴയിലും കാറ്റിലും ഏറ്റവും വലിയ കടൽകയറ്റം ഉണ്ടായത്. കഴിഞ്ഞ ദിവസം വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റിലും കനത്ത നാശനഷ്ടമാണ് ഈ പ്രദേശങ്ങളിൽ ഉണ്ടായത്. തിരുവനന്തപുരം ജില്ലയുടെ 23 ശതമാനം തീരവും അതിഭീകരമായ കടൽകയറ്റവും തീരനാശവും നേരിടുകയാണ്.
തീരസംരക്ഷണത്തിന് കടൽഭിത്തിയും പുലിമുട്ടുമാണ് ശാശ്വത പരിഹാരമെന്ന തെറ്റായ സർക്കാർ നിലപാട് കേരളത്തിൻ്റെ തീരപ്രദേശങ്ങളെ തകർക്കുകയാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള നിലപാടിലൂടെ തീരപ്രദേശത്തു ജീവിക്കുന്ന ഏകദേശം ഒരുകോടി ജനങ്ങളും അവരുടെ ജീവിതവുമാണ് കടലെടുക്കുന്നത്.