കൊറോണ ബാ​ധിച്ച് ചികിൽസയിലായിരുന്ന യുവവൈദികൻ ഫാ. സിൻസൺ എടക്കളത്തൂർ അന്തരിച്ചു

തൃശൂർ: കൊറോണ ബാ​ധിച്ച് ചികിൽസയിലായിരുന്ന തൃശൂർ അതിരൂപതയിലെ യുവവൈദികൻ ഫാ. സിൻസൺ എടക്കളത്തൂർ (32) അന്തരിച്ചു. സംസ്‌കാരം പിന്നീട്.വെൻ്റിലേറ്റർ സഹായത്തിലായിരുന്നു ഫാ. സിൻസൻ്റെ ജീവൻ നിലനിർത്തിയിരുന്നത്. റോമിൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രത്തിൽ ഡോക്ടേറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നാട്ടിലേക്ക് അവധിക്ക് വന്നതായിരുന്നു.

മുല്ലശേരി എടക്കളത്തൂർ ഫ്രാൻസീസ് എൽസി ദമ്പതികളുടെ മകനായി 1988 ഏപ്രിൽ 25 ജനിച്ചു. ദൈവവിളി സ്വീകരിച്ച് 2005 ജൂണിൽ
തൃശ്ശൂർ മൈനർ സെമിനാരി ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു. 2014 ഡിസംബർ 29ന് മാർ ആൻഡ്രൂസ് താഴത്തിൽ നിന്ന് മുല്ലശ്ശേരിയിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. പുതുക്കാട് ഫൊറോന, ഒളരി, മണ്ണുത്തി, മുക്കാട്ടുക്കര എന്നിവിടങ്ങളിൽ സഹവികാരിയായി സേവനം ചെയ്തിട്ടുണ്ട്. 2016 മെയ് 30 മുതൽ അതിരൂപത കൂരിയിൽ നോട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2018 ആ​ഗസ്റ്റ് 30 മുതൽ റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസത്രത്തിൽ ലൈസൻഷ്യേറ്റ് നടത്തുകയും 2020 ജൂണിൽ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ദൈവശാസത്രത്തിൽ ഡോക്ടേറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

ഇടവകയിൽ സേവനം ചെയ്തിരുന്നപ്പോൾ യുവജനങ്ങളെയും കുട്ടികളെയും സംഘടിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന ഫാ. സിൻസൺ നാടക നടനുമായിരുന്നു. സഹോദരിമാർ: ഫ്രൻസി ജോയി, സിൻസി സുനിൽ അതിരൂപതയിലെ വൈദികയുടെ ​ഗായക സംഘമായ ഹോളി സ്രിം​ഗ്സിലെ അനു​ഗ്രഹിത ​ഗായകനായിരുന്ന ഫാ. സിൻസൻ്റെ ​ഗാനങ്ങൾ അനേകർക്ക് പ്രചോദനമായിരുന്നു.