പൂന്തുറയിലെ മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം സർക്കാരിൻ്റെ അനാസ്ഥയെന്ന് ലത്തീൻ സഭ

തിരുവനന്തപുരം: പൂന്തുറ സ്വദേശികളായ മൂന്ന് മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം സർക്കാരിൻ്റെ അനാസ്ഥയാണെന്ന് ലത്തീൻ കത്തോലിക്കാ സഭ. ഹാര്‍ബറില്‍ അടിഞ്ഞ മണ്ണ് മാറ്റണമെന്ന ആവശ്യം പരി​ഗണിച്ചില്ലെന്നും അതുനടപ്പാക്കാത്തത് കൊണ്ടാണ് മൂന്ന് ജീവനുകൾ നഷ്ടമായതെന്നും ലത്തിൻ സഭ സഹായമെത്രാൻ റവ.ഡോ. ക്രിസ്തുദാസ് പറഞ്ഞു.

അപകടം നടക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന് പോലും വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടായില്ലെന്ന് ഇടവക വികാരി ഫാ. മൈക്കിൾ തോമസ് ആരോപിച്ചു. ചൊവ്വാഴ്ച്ച വിഴിഞ്ഞത്തുണ്ടായ ബോട്ട് അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. പൂന്തുറ സ്വദേശി ജോസഫ്, വിഴിഞ്ഞം സ്വദേശി ശബരിയാര്‍, പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ എന്നിവരാണ് മരിച്ചത്.

വിഴിഞ്ഞത്ത് നിന്നും കടലിൽ പോയി ചൊവ്വാഴ്ച മടങ്ങിയെത്തിയ വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടദിവസം തന്നെ 14 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഹാർബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മണൽത്തിട്ടയിലിടിച്ച് വള്ളങ്ങൾ മറിഞ്ഞത്. തുറമുഖ നിർമ്മാണത്തിനായി മാറ്റിയ മണ്ണാണ് ഹർബറിൽ ഇട്ടത്.