പ്രതിഷേധം ശക്തമായി; ഒഎന്‍വി പുരസ്‌ക്കാരം വിവാദനായകൻ വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും

തിരുവനന്തപുരം: ലൈംഗീക പീഡന ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ സാഹിത്യ പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും. അവാര്‍ഡ് നിര്‍ണയ സമിതിയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് തീരുമാനമെന്ന് അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാകൃഷ്ണന്‍ അറിയിച്ചു.

മീടൂ ആരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ച നടപടിക്കെതിരെ കെ.ആർ മീരയടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി പുനപരിശോധിക്കുന്നത്. എന്നാൽ അക്കാദമി കാരണം വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ഒഎന്‍വി കള്‍ച്ചറല്‍ സാഹിത്യ പുരസ്‌ക്കാരം തമിഴ് കവിയായ വൈരമുത്തുവിന് നല്‍കുമെന്ന പ്രഖ്യാപനം ഉണ്ടായത്. വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപദയും പുരസ്‌കാരം നല്‍കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. നടി റിമ കല്ലിങ്കലും പാര്‍വതിയുമടക്കമുള്ളവര്‍ വൈരമുത്തുവിന് അവാര്‍ഡ് നല്‍കാനുള്ള നീക്കത്തിനെ എതിര്‍ത്തു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് 17ഓളം സ്ത്രീകള്‍ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്ന് റിമ കല്ലിങ്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പുരസ്‌ക്കാര നിര്‍ണയവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ പിന്നീട് നിശ്ചയിക്കുമെന്നാണ് അക്കാദമി അറിയിച്ചത്. മലയാളത്തിലും മറ്റ് ഭാഷകളിലുമായി ഒന്നിടവിട്ട വര്‍ഷങ്ങളിലാണ് പുരസ്‌ക്കാരം നല്‍കുന്നത്. എം.ടി.വാസുദേവന്‍നായര്‍, സുഗതകുമാരി, അക്കിത്തം, പ്രൊഫ.എം.ലീലാവതി എന്നിവരാണ് മുന്‍പ് പുരസ്‌ക്കാരത്തിന് അര്‍ഹരായിട്ടുള്ളത്.

എന്നാല്‍ വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ലെന്നായിരുന്നു സംവിധായകനും ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണൻ നേരത്തേ പ്രതികരിച്ചത്. ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി സാഹിത്യ പുരസ്‌കാരം. എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്നും അല്ലെങ്കില്‍ പിന്നെ സ്വഭാവഗുണത്തിന് പ്രത്യേക അവാര്‍ഡ് കൊടുക്കണമെന്നും അടൂര്‍ പറഞ്ഞിരുന്നു