തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകർക്ക് കൊറോണ ഡ്യൂട്ടിയില്ല.
ജൂൺ ഏഴിനാണ് എസ് എസ്എൽസി/റ്റിഎച്ച്‌എസ് എൽസി പരീക്ഷകളുടെ മൂല്യനിർണ്ണയ ക്യാമ്പുകൾ ആരംഭിക്കുന്നത്. 16 പ്രവർത്തി ദിവസങ്ങൾ എടുത്ത് ജൂൺ 25 ന് ഇത് പൂർത്തീകരിക്കും. എസ്‌എസ്‌എൽസി പരീക്ഷയുടെ മൂല്യനിർണ്ണയത്തിനായി 70 ക്യാമ്പുകളിലായി 12512 അധ്യാപകരേയും റ്റിഎച്ച്‌എസ്‌എൽസി പരീക്ഷയുടെ മൂല്യനിർണ്ണയത്തിനായി 2 ക്യാമ്പുകളിലായി 92 അധ്യാപകരേയുമാണ് നിയോഗിച്ചിട്ടുള്ളത്.
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിർണ്ണയ ക്യാമ്പുകൾ ജൂൺ 1ന് ആരംഭിച്ച് ജൂൺ 19 ന് പൂർത്തീകരിക്കും. ഹയർസെക്കൻഡറി വിഭാഗത്തിൽ 79 ക്യാമ്പുകളിലായി 26447 അധ്യാപകരേയും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 8 ക്യാമ്പുകളിലായി 3031അധ്യാപകരേയുമാണ് മൂല്യനിർണ്ണയത്തിനായി നിയോഗിച്ചിട്ടുള്ളത്.