കേരള കോണ്‍ഗ്രസ് എം ഇടതുപാര്‍ട്ടികളുടെ ശൈലിയില്‍ ലെവി നടപ്പാക്കും; കേഡർ പാർട്ടിയാകാൻ നിർണായക തീരുമാനം

തിരുവനന്തപുരം: ഇടതുപക്ഷ ശൈലിയിൽ കേഡർ പാർട്ടിയാകാൻ നിർണായക തീരുമാനങ്ങളെടുത്ത് കേരളാ കോൺഗ്രസ് എം. പാര്‍ട്ടിയുടെ കെട്ടുറപ്പിനും അംഗങ്ങളുടെ സഹകരണത്തിനും ഇടതുപാര്‍ട്ടികളുടെ രീതിയില്‍ ലെവി ഏര്‍പ്പെടുത്താനും കേരളാ കോൺഗ്രസ് തീരുമാനിച്ചു. പദവിക്ക് അനുസരിച്ച് ഓരോരുത്തരും നല്‍കേണ്ട തുക എത്രയെന്ന് തീരുമാനിച്ചിട്ടില്ല.

പാര്‍ട്ടിയുടെ സ്ഥാനം ലഭിച്ചവര്‍ക്കായിരിക്കും വിഹിതം കൂടുക. മന്ത്രി, എംപിമാർ, എംഎല്‍എമാർ, ചീഫ് വിപ്പ്, തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളും ഭരണകര്‍ത്താക്കളും ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭരണസമിതി അംഗങ്ങള്‍ക്കെല്ലാം ലെവി നൽകണം. കൂടാതെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ലെവി അടയ്ക്കണം.

സിപിഎം, സിപിഐ പാര്‍ട്ടികളുടെ മാതൃകയില്‍ കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരാന്‍ സാധാരണ അംഗത്വവും സജീവ അംഗത്വവും ഏര്‍പ്പെടുത്താനും ആലോചിക്കുന്നു. പാര്‍ട്ടി അംഗത്വം ഓണ്‍ലൈന്‍ ആയും പരിഗണിക്കും. മാറിയ സാഹചര്യത്തിൽ ജോസഫ് പക്ഷത്ത് നിന്ന് നേതാക്കളും പ്രവർത്തകരുമടക്കം നിരവധി പേർ കേരളാ കോൺഗ്രസ് എമ്മിലെത്തുമെന്ന് നേതാക്കൾ വിലയിരുത്തുന്നു.