കൊല്‍ക്കത്ത: നാരദ കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത നാല് തൃണമൂല്‍ നേതാക്കള്‍ക്കും ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. മന്ത്രിമാരായ ഫിര്‍ഹദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. സിബിഐയുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡല്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെതാണ് നടപടി.
അതേസമയം കൈക്കൂലി കേസ് കൈകാര്യം ചെയ്ത രീതിയെ എതിര്‍ത്ത് വിമര്‍ശനവുമായി സിറ്റിംഗ് ജഡ്ജി ജസ്‌ററീസ് അരവിന്ദം സിന്‍ഹ. നേതാക്കളുടെ ഹര്‍ജി കൈകാര്യം ചെയ്ത ഹൈക്കോടതി നടപടികളില്‍ പിഴവ് സംഭവിച്ചെന്നും കോടതിക്ക് നിരക്കാത്ത രീതിയില്‍ കേസ് കൈകാര്യം ചെയ്തതിലൂടെ തങ്ങള്‍ സ്വയം അപഹസിക്കപ്പെട്ടുവെന്നുമാണ് ജസ്‌ററീസ് അരവിന്ദം സിന്‍ഹ വിമര്‍ശിക്കുന്നത്.
മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് അയച്ച കത്തിലാണ് ജസ്‌ററീസ് അരവിന്ദം സിന്‍ഹ ഈ വിമര്‍ശനം ഉണ്ടായിട്ടുള്ളത്. നാരദകേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് സിബിഐയുടെ ഹര്‍ജി റിട്ട് ആയി പരിഗണിച്ച ഡിവിഷന്‍ ബഞ്ചിന്റെ നടപടി കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന് ജസ്റ്റിസ് സിന്‍ഹ കുറ്റപ്പെടുത്തി. സിംഗിള്‍ ബെഞ്ച് കേള്‍ക്കേണ്ട ഒരു ഹര്‍ജി ഡിവിഷന്‍ ബെഞ്ച് നേരിട്ടു കേട്ടത് കീഴ് വഴക്കങ്ങളുടെ ലംഘനമാണ്. ഭരണഘടനയുമായോ, ഏതെങ്കിലും നിയമവുമായോ ചോദ്യങ്ങള്‍ ഇല്ലാതിരുന്ന ഒരു ഹര്‍ജി ഇത്തരത്തില്‍ പരിഗണിക്കേണ്ടിയിരുന്നില്ലെന്നും ജസ്റ്റീസ് സിന്‍ഹ പറഞ്ഞു.
പ്രതികള്‍ക്കു ജാമ്യം നല്‍കുന്നതില്‍ ഏക അഭിപ്രായമില്ലെന്നരിക്കെ മൂന്നാം ജഡ്ജി അഭിപ്രായം തേടുകയായിരുന്നു വേണ്ടത്. ഇത് വിശാല ബഞ്ചിന് വിട്ടത് തെറ്റാണെന്നും ജസ്റ്റീസ് അരവിന്ദം സിന്‍ഹ പറഞ്ഞു.
കോടതി സ്വയം പരിശോധിക്കേണ്ട കാര്യങ്ങളാണ് ഇവ. ഇതിനായി ഫുള്‍കോര്‍ട്ട് വിളിച്ചു ചേര്‍ക്കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസിനെയും മുതിര്‍ന്ന ജഡ്ജിമാരെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ ജസ്റ്റിസ് സിന്‍ഹ ആവശ്യപ്പെട്ടു.
അതേസമയം അന്തിമ ഉത്തരവിന് വിധേയമായാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ ജാമ്യബോണ്ട് കെട്ടിവയ്ക്കണം. തൃണമൂല്‍ നേതാക്കള്‍ മാധ്യമങ്ങളെ കാണരുതെന്നും, വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന അമ്പേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസമാണ് ഇവരെ സിബിഐ ആസ്ഥാനത്തേക്ക് വിളിച്ച് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനാര്‍ജി സിബിഐ ഓഫീസിലെത്തി പ്രതിഷേധിച്ചത് വിവാദമായിരുന്നു. നാരദ ഒളിക്യാമറ കേസില്‍ വിവാദത്തില്‍പ്പെട്ടത് നിരവധി പ്രമുഖരാണ്.