ഓൺലൈൻ ക്ലാസിൽ അർധനഗ്നനായി പ്രത്യക്ഷപ്പെട്ട അധ്യാപകൻ; അശ്ലീല സന്ദേശമയച്ചതുൾപ്പെടെ ഒറ്റ ദിവസം ലഭിച്ചത് 40 പരാതികൾ

ചെന്നൈ: ഓൺലൈൻ ക്ലാസിൽ അർധനഗ്നനായി പ്രത്യക്ഷപ്പെട്ടതു മുതൽ അശ്ലീല സന്ദേശമയച്ചതുൾപ്പെടെയുള്ള ആരോപണങ്ങൾ നേരിട്ട അധ്യാപകനെതിരെ ലഭിച്ചത് 40 പരാതികൾ. അധ്യാപകനെ അറസ്റ്റു ചെയ്ത സംഭവത്തിൽ പരാതിയുള്ളവർക്കു അറിയിക്കാനായി പൊലീസ് വാട്സാപ് നമ്പർ പ്രസിദ്ധീകരിച്ചിരുന്നു.

വാട്സാപ് നമ്പരിൽ ഒറ്റ ദിവസംകൊണ്ട് 40 പരാതികൾ ഇതിൽ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇതിൽ 15 എണ്ണം മറ്റു സ്കൂളുകളിലെ അധ്യാപകർക്കെതിരെയുള്ളതാണ്. ലഭിച്ച എല്ലാ പരാതികളിലും വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു. ഓൺലൈനിൽ പോക്സോ
ഓൺലൈൻ ക്ലാസിൽ വിദ്യാർഥികളോട് അപമര്യാദമായി പെരുമാറുന്ന അധ്യാപകർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുമെന്നു മുഖ്യമന്ത്രി എംകെസ്റ്റാലിൻ.

ഇതുമായി ബന്ധപ്പെട്ടു വ്യക്തമായ ചട്ടം ഉടൻ നിർമിക്കും. വിദ്യാഭ്യാസ വകുപ്പിനു ഇതുമായി ബന്ധപ്പെട്ട നിർദേശ നൽകിയതായി സ്റ്റാലിൻ പറഞ്ഞു. വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ടു കെകെ നഗർ പത്മശേശാദ്രി ബാല ഭവൻ വിദ്യാലയത്തിലെ പ്രിൻസിപ്പൽ ഗീതാ ഗോവിന്ദരാജനെ പൊലീസ് ചോദ്യം ചെയ്തു. മൂന്നു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ, വിദ്യാർഥികൾ നേരത്തെ അധ്യാപകനെതിരെ പരാതി നൽകിയിട്ടുണ്ടോയെന്നാണു അന്വേഷിച്ചത്. പ്രിൻസിപ്പൽ കൃത്യമായ ഉത്തരം നൽകിയില്ലെന്നു പൊലീസ് അറിയിച്ചു.

സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് അധ്യാപകൻ രാജഗോപാലൻ കഴിഞ്ഞ ദിവസമാണു അറസ്റ്റിലായത്. അതേസമയം, സംഭവത്തെ ജാതിവത്കരിച്ചു യഥാർഥ കുറ്റവാളിക്കു രക്ഷപ്പെടാനുള്ള അവസരമൊരുക്കരുതെന്നു മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽ ഹാസൻ പറഞ്ഞു. അധ്യാപകൻ രാജഗോപാലനെ ചോദ്യം ചെയ്തതിൽ നിന്നു 3 പേർക്കെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇവർ അധ്യാപകരാണോയെന്നു വ്യക്തമായിട്ടില്ല. തുടരന്വേഷണം നടക്കുകയാണ്. വിശദമായ അന്വേഷണത്തിനൊടുവിൽ ഇവരെ അറസ്റ്റ് ചെയ്യും.