ബെയ്റൂട്ട്: അർമേനിയൻ കത്തോലിക്കാ സഭയുടെ തലവനായ കത്തോലിക്കോസ് പാത്രിയാർക്കീസ് ഗ്രിഗറി പീറ്റർ ഇരുപതാമൻ (86) കാലംചെയ്തു. ലെബനോനിലെ ബെയ്റൂട്ടിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. സംസ്കാരം 29ന് ലെബനോനിലെ ബ്സോമ്മർ-കെസർവാൻ കത്തോലിക്കാ പാത്രിയാർക്കേറ്റിൻറെ ഔർ ലേഡി ഓഫ് അസംപ്ഷൻ ആശ്രമ സെമിത്തേരിയിൽ.
സെൻറ്-ഡെക്രോയിക്സ്-ഡെ-പാരീസ് രൂപതയുടെ മെത്രാനായി സേവനം ചെയ്ത അദ്ദേഹം 2013-ൽ തത്സ്ഥാനത്ത് നിന്നും വിരമിച്ചു. ഓഗസ്റ്റ് ഒൻപതിനാണ് ഗ്രിഗറി പീറ്റർ അർമേനിയൻ കത്തോലിക്ക സഭയുടെ ഇരുപതാമത് കത്തോലിക്കോസ് പാത്രിയാർക്കീസായി തെരഞ്ഞെടുക്കപ്പെട്ടത്. കർദ്ദിനാൾ ലിയോണാർഡോ സാന്ദ്രി അടക്കമുള്ള പ്രമുഖർ പാത്രിയാർക്കീസ് ഗ്രിഗറി പീറ്ററുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. അർമേനിയൻ പ്രസിഡൻറ് അർമെൻ സാർകിസ്സിയാനും അനുശോചിച്ചു.
1934-ൽ സിറിയയിലെ ആലപ്പോയിൽ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ഇറ്റലിയിലേക്ക് പോയി. തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി 1959 മാർച്ച് 28ന് പൗരോഹിത്യ പട്ടം സ്വീകരിച്ചു. ബ്സോമ്മർ ആശ്രമ സ്കൂൾ, അർമേനിയൻ കാത്തലിക് മെസ്രോബിയൻ സ്കൂൾ, ബ്സോമ്മർ കോൺവെൻറ് സ്കൂൾ എന്നിവിടങ്ങളിലെ സേവനങ്ങൾക്ക് ശേഷം ഫ്രാൻസിലെ അർമേനിയൻ കാത്തലിക് എക്സാർക്കായി നിയമിതനായി. 1977-ൽ ഫെബ്രുവരി 13നാണ് മെത്രാനായി അഭിഷിക്തനാവുന്നത്.