ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതായി ട്വിറ്റര്‍. പൊലീസ് സമ്മര്‍ദ്ദത്തിന് വഴങ്ങാനുള്ള നടപടികളില്‍ ഇന്ത്യയിലെ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുള്ളതായി ട്വിറ്റര്‍ പറയുന്നു. ടൂള്‍ക്കിറ്റ് വിവാദത്തെ തുടര്‍ന്ന് ട്വിറ്ററിന്റെ ഡെല്‍ഹി ഓഫീസില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നാണ് ട്വിറ്റര്‍ ആശങ്ക പ്രകടിപ്പിച്ചത്.
ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ വക്താവ് സാംബിത് പത്രയുടെ ട്വീറ്റില്‍ കൃത്രിമം കാണിച്ചതായി വ്യക്തമാക്കുന്നതിനാണ് ഡെല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ ഡെല്‍ഹി, ഗുരുഗ്രാം ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്.
അതേസമയം സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പുതിയ കേന്ദ്ര സര്‍ക്കര്‍ നയങ്ങളെക്കുറിച്ചുള്ള നിലപാടും ട്വിറ്റര്‍ വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ സേവനം ഉറപ്പുവരുത്തുന്നതിനായി നിയമങ്ങള്‍ അനുസരിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ ട്വിറ്റര്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുമെന്നും അറിയിച്ചു.
‘ഇന്ത്യയിലെ ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്. അതിനാല്‍ പുതിയ ഐടി നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരും’. ട്വിറ്റര്‍ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളോട് തങ്ങളോട് വളരെധികം പ്രതിജ്ഞാബദ്ധരാണെന്നും തങ്ങളുടെ സേവനങ്ങള്‍ തുടര്‍ന്നും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് രാജ്യത്ത് ബാധകമായ നിയമങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കുമെന്നും ട്വിറ്റര്‍ പറയുന്നു. എന്നാല്‍ ലോകത്ത് ആകെമാനം ചെയ്യുന്നപോലെ സുതാര്യതയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍, സേവനവുമായി ബന്ധപ്പെട്ട ശബ്ദങ്ങളെ ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നിവ പിന്തുടരുമെന്നും ട്വിറ്റര്‍ വക്താവ് പറഞ്ഞു.
എന്നാല്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക വേണ്ടിയാണെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്രം. സ്വാകാര്യതയ്ക്ക് മേലുള്ള അവകാശത്തെ പൂര്‍ണമായി മാനിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.