സംസ്ഥാനത്ത് കനത്ത മഴ തുടരും; മത്സ്യത്തൊഴിലാളികൾ രണ്ടു ദിവസം കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. മെയ് 29 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. കേരളത്തിൽ മൂന്ന് മാസം കൊണ്ട് 729.6 മില്ലി മീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 131 ശതമാനം അധികമഴയാണ് ലഭിച്ചത്.

നിലവിൽ കാസർകോട്, വയനാട്, ഒഴികെയുളള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടലാക്രമണ സാധ്യത മുന്നിൽ കണ്ട് തീരപ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കടലാക്രമണവും കൊറോണയും കാരണം അതീവ ദുരിതത്തിലായ ചെല്ലാനത്ത് മന്ത്രിമാരായ സജി ചെറിയാൻ, പി രാജീവ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം സന്ദർശിച്ചിരുന്നു.

ചെല്ലാനം ഉൾപ്പെടെയുളള തീരപ്രദേശങ്ങളിൽ കടലാക്രണം തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സംസ്ഥാനത്ത് 9 തീരങ്ങളിൽ ടെറാപോഡ് കടൽഭിത്തി നിർമിക്കാൻ തീരുമാനമായിട്ടുണ്ട്. എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിലവിൽ ആരംഭിച്ച ജിയോട്യൂബ് കടൽഭിത്തി നിർമാണം പൂർത്തിയാക്കുന്നതിന് പുറമെയാണിത്. കടൽ ഭിത്തി നിർമാണത്തിനുള്ള കരാർ ഒരു മാസത്തിനകം നൽകും.

പദ്ധതി വിജയകരമായാൽ കേരളത്തിലെ മറ്റു തീരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. തീരം സംരക്ഷിക്കാൻ കാര്യക്ഷമമായ മറ്റ് മാർഗങ്ങളെ കുറിച്ചും നിരവധി പഠനങ്ങളും പദ്ധതികളും തയ്യാറാകുന്നുണ്ട്. മാതൃക മത്സ്യഗ്രാമം പദ്ധതി ചെല്ലാനത്ത് നടപ്പാക്കാനും തീരമാനമായിട്ടുണ്ട്. സംസ്ഥാനത്തെ തീരേദേശത്തിനായി 5000 കോടിയുടെ പാക്കേജും നടപ്പാക്കും.