ന്യൂഡെൽഹി: ആധുനികചികിത്സ വിഡ്ഢിത്തരമാണെന്ന രാംദേവിന്റെ പ്രസ്താവനക്കെതിരേ സമൂഹമാധ്യമങ്ങളിൽ “അറസ്റ്റ് രാംദേവ്’ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗായതോടെ വെല്ലുവിളിയുമായി വിവാദ യോഗ ഗുരു സാക്ഷാൽ ബാബ രാംദേവ്. നിങ്ങളുടെ അച്ഛന് പോലും എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നായിരുന്നു രാംദേവിന്റെ വെല്ലുവിളി.
രാംദേവിന്റെ വെല്ലുവിളിക്കെതിരേ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സഹികെട്ട് സംഘപരിവാർ, ബിജെപി പ്രവർത്തകർ പോലും രാംദേവിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ആധുനികചികിത്സ വിഡ്ഢിത്തരമാണെന്ന രാംദേവിന്റെ പ്രസ്താവനയ്ക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്തുവന്നിരുന്നു.
രാംദേവ് 15 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ നഷ്ടപരിഹാരമായി 1000 കോടി ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഐംഎഎ ഘടകം നോട്ടീസ് അയക്കുകയും ചെയ്തു. ഇതിനിടെയാണ് സമൂഹമാധ്യമങ്ങളിൽ “അറസ്റ്റ് രാംദേവ്’ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗിലെത്തിയത്.