തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതൃത്വത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. കുഴല്‍പ്പണ കവര്‍ച്ചാ സംഘത്തിന് തൃശ്ശൂരില്‍ താമസ സൗകര്യമൊരുക്കി നല്‍കിയത് തൃശ്ശൂര്‍ ജില്ലാ നേതൃത്വമാണെന്ന് മുറി ബുക്ക് ചെയ്ത ഹോട്ടലിലെ ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി.
ഏപ്രില്‍ രണ്ടിന് വൈകീട്ട് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമിലാണ് ഇവര്‍ക്ക് മുറി ബുക്ക് ചെയ്തത്. 215, 216 നമ്പര്‍ മുറികളാണ് ബുക്ക് ചെയ്തത്. 215 നാം നമ്പര്‍ മുറിയില്‍ ധര്‍മരാജനും 216ാം നമ്പര്‍ മുറിയില്‍ ഷംജീറും റഷീദും താമസിച്ചെന്നുമാണ് ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി.
ഹോട്ടല്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. ധര്‍മരാജിനെയും ഡ്രൈവര്‍ ഷംജീറിനെയും പൊലീസ് ഇന്നും ചോദ്യം ചെയ്യും. പൊലീസ് ക്ലബില്‍ എത്താനാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസം കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്ന് 9 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിരുന്നു. ഇത് കുഴല്‍പ്പണം കവര്‍ന്നതാണെന്നാണ് പൊലീസ് നിഗമനം.
അതേസമയം കുഴൽപ്പണ കേസിൽ മൂന്നരക്കോടി രൂപ കവർന്നത് സംബന്ധിച്ച ബന്ധം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത അന്വേഷണ സംഘത്തോട് സമ്മതിച്ചു. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക് നൽകിയ മൂന്നരക്കോടി രൂപ കർത്തയ്‌ക്ക് കൈമാറാനായിരുന്നു നിർദേശമെന്ന് കുഴൽപ്പണകടത്തുകാരനായ ധർമരാജിന്റെ മൊഴിയാണ് കർത്തയെ കുടുക്കിയത്.
ഇന്നലെ ചോദ്യംചെയ്യലിൽ ധർമരാജനുമായി സംസാരിച്ച കാര്യം കർത്ത ആദ്യം നിഷേധിച്ചു. കേസിലുൾപ്പെട്ടവരുമായി ഫോണിൽ സംസാരിച്ചതിന് വ്യക്തമായ മറുപടി നൽകാനായില്ല. പൊലീസ് തെളിവുകൾ വ്യക്തമാക്കിയതോടെ എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു. അടുത്ത ദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യും.
അതിനുശേഷം വീണ്ടും കർത്തയെ വിളിപ്പിക്കും. ഉന്നത നേതാക്കളുമായി കേസിനുള്ള ബന്ധത്തിന്റെ അതിനിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അതിനിടെ കേസിൽ ആറാം പ്രതി മാർട്ടിന്റെ വീട്ടിൽനിന്ന് ഒമ്പത് ലക്ഷം രൂപയും പത്തര ലക്ഷത്തിന്റെ വസ്തുക്കളും കണ്ടെത്തി. കവർച്ചക്കുശേഷം മൂന്ന് ലക്ഷം രൂപയ്‌ക്ക് ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വർണവും മാർട്ടിൻ വാങ്ങിയതായി കണ്ടെത്തി.
നാല് ലക്ഷം ബാങ്കിൽ അടച്ചതുൾപ്പെടെ 19.5 ലക്ഷത്തിന്റെ പണവും രേഖകളുമാണ് കണ്ടെടുത്തത്. ഇതോടെ കേസിൽ പ്രതികളിൽനിന്ന്‌മാത്രം ഒന്നേകാൽ കോടി രൂപ കണ്ടെടുത്തു. ബിജെപി നേതാക്കളെ ചോദ്യംചെയ്യുന്നതോടെ ബാക്കി പണംകൂടി കണ്ടെത്താനാവുമെന്നാണ് വിലയിരുത്തൽ.
കെ ജി കർത്ത അന്വേഷകസംഘത്തിന് മുന്നിൽ ഹാജരായത് ജില്ലാ കമ്മിറ്റിയുടെ വാഹനത്തിൽ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിനൊപ്പമാണ്. ആലപ്പുഴ പൊലീസ് ക്ലബിൽ ബുധനാഴ്‌ച രാവിലെ 9.45ന് ആരംഭിച്ച ചോദ്യംചെയ്യൽ രണ്ടോടെയാണ് പൂർത്തിയായത്. നാലരമണിക്കൂറും ഗോപകുമാർ പുറത്തുകാത്തുനിന്നു. കുഴൽപ്പണക്കേസുമായി ബന്ധമില്ലെന്ന് കർത്ത പറഞ്ഞു.