കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ പരിഷ്കാരങ്ങൾ തുടരുന്നതിനിടെ തുടർപ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ഇന്ന് സർവ്വകക്ഷിയോഗം. വൈകുന്നേരം നാലിന് ഓൺലൈനിലാണ് യോഗം. ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ വിവാദ ഉത്തരവുകൾക്കെതിരെ ഒറ്റക്കെട്ടായി നിയമ പോരാട്ടത്തിന് ഇറങ്ങണമെന്ന അഭിപ്രായമാണ് ശക്തം. സർവകക്ഷി യോഗത്തിൽ ബിജെപി സ്വീകരിക്കാൻ പോകുന്ന നിലപാടും നിർണായകമാണ്. വിവാദ നടപടികളിൽ പ്രതിഷേധിച്ച് ദ്വീപിലെ ബിജെപി നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചിരുന്നു. ലക്ഷദ്വീപിലെ മുൻ ചീഫ് കൗൺസിലർമാരും യോഗത്തിൽ പങ്കെടുക്കും.
ജനങ്ങൾക്ക് ദ്രോഹമാവുന്ന ഉത്തരവുകൾ ഇറക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കൊറോണ കേസുകൾ കൂടിയിട്ടും ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കാൻ അഡ്മിനിസ്ട്രേഷൻ തയ്യാറാവുന്നില്ലെന്ന് പരാതി ഉയരുന്നു.
കൊറോണ കേസുകൾ കൂടുതലുള്ള കവരത്തി, അഗത്തി ദ്വീപുകളിൽ ഓക്സിജൻ കിടക്ക, ഐസിയു സൗകര്യങ്ങൾ കുറവാണെന്നാണ് ആക്ഷേപം. ചികിത്സ സൗകര്യങ്ങളുള്ള ദ്വീപുകളിലേക്ക് രോഗികളെ മാറ്റുന്നതിന് നിയന്ത്രണമേർപ്പെടുത്തിയുള്ള ഉത്തരവും വരും ദിവസങ്ങളിൽ സാഹചര്യം സങ്കീർണ്ണമാക്കും.