ഉപഭോക്താക്കളുടെ സ്വകാര്യത ഹനിക്കുന്നു; പുതിയ ഐടി നിയമങ്ങള്‍ക്കെതിരെ വാട്‌സ്ആപ്പ് കേസ് ഫയല്‍ ചെയ്തു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍മീഡിയ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനുള്ള പുതിയ ഐടി നിയമത്തിനെതിരെ വാട്‌സ്ആപ്പ് കോടതിയെ സമീപിച്ചു. ഇത് ഉപയോക്താക്കള്‍ക്കുള്ള സ്വകാര്യത പരിരക്ഷ ലംഘിക്കാന്‍ നിര്‍ബന്ധിതമാക്കുന്നുവെന്ന് കാണിച്ചാണ് വാട്‌സ്ആപ്പ് ഡെല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

വാട്‌സ്ആപ്പ് നല്‍കുന്ന സേവനത്തില്‍ അയച്ച സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ചട്ടം ജനങ്ങളുടെ സ്വകാര്യത നയത്തിന്റെ ലംഘനമാണെന്ന് ചൂണ്ടികാണിച്ചാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് കേസ് ന്ല്‍കിയിരിക്കുന്നത്.

സാമൂഹ്യ മധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള പുതിയ നിയമങ്ങള്‍ അംഗീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചിരിക്കെയാണ് വാട്‌സ്ആപ്പ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത.

വാട്‌സ്ആപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ തകര്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമെന്ന് വാട്‌സ്ആപ്പ് പറയുന്നു. സന്ദേശങ്ങളുടെ ഉറവിടം രേഖപ്പെടുത്തുക എന്നതിനര്‍ത്ഥം ഓരോ സന്ദേശത്തിന്റെയും വിരലടയാളം സൂക്ഷിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുന്നതിന് തുല്യമാണ്, അടിസ്ഥാനപരമായി ആളുകളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും,- വാട്‌സ്ആപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു. നിയമപരമായ കാര്യങ്ങളില്‍ കമ്പനിയുടെ കൈവശമുള്ള വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും വാട്‌സ്ആപ്പ് പറയുന്നു. ഇന്ത്യയില്‍ 400 ദശലക്ഷം ഉപയോക്താക്കളുള്ള ആപ്ലിക്കേഷനാണ് വാട്‌സആപ്പ്.