തിരുവനന്തപുരം: എംഎൽഎമാരുടെ ഭാര്യമാരെ വിവിധ സർവകലാ ശാലകളിൽ അധ്യാപകരായി നിയമിച്ചതിന്റെ മറപറ്റി കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറൂം തങ്ങളുടെ ഭാര്യമാരെ പ്രൊഫസർമാർക്ക് തത്തുല്യമായ ഉന്നത തസ്തികകളിൽ നിയമിച്ചതായി ആക്ഷേപം. എറണാകുളം ജില്ലക്കാരനായ മന്ത്രിയുടെ ഒത്താശയോടെ നിയമനങ്ങൾ നടത്തിയെന്നാണ് ആരോപണം.
വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗമാണ് വിസി യുടെ ഭാര്യ ഡോ. എം റോസലിൻഡ് ജോർജിനെ ഫിഷറീസ് ഡീനായും, രജിസ്ട്രാറുടെ ഭാര്യ ഡോ. ദേവിക പിള്ളയെ റിസർച്ച് ഡയറക്ടറായും നിയമിച്ചത്. ഡീനിന് സീനിയർ പ്രൊഫസറുടെ ശമ്പളവും,റിസർച്ച് ഡയറക്ടർക്ക് പ്രൊഫസറുടെ ശമ്പളമാണ് നിശ്ചയിച്ചിട്ടുള്ളത്.
ഇതേവരെ സർവ്വകലാശാലയിൽ തന്നെയുള്ള അധ്യാപകരെയാണ് താൽക്കാലിക അടിസ്ഥാനത്തിൽ ഈ തസ്തികകളിൽ നിയമിച്ചിരുന്നത്. ഇപ്പോൾ ആദ്യമായാണ് ഈ തസ്തികകളിൽ സ്ഥിര നിയമനം നടത്തുന്നത്. 50 ലക്ഷം രൂപ പ്രതിവർഷം ഇതിന് അധിക ചെലവ് വരും. വൈസ് ചാൻസലർ ഡോ.റിജി ജോണിന്റെ ഭാര്യ നിലവിൽ തമിഴ്നാട് ഫിഷറീസ് സർവകലാശാലയിലെയും, രജിസ്ട്രാർ ഡോ.മനോജ്കുമാറിന്റെ ഭാര്യ കേരള ഫിഷറീസ് സർവ്വകലാശാലയിലെയും അധ്യാപികമാരാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുൻപ് തിരക്കിട്ട് ഓർഡിനൻസിലൂടെ സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് വിവാദ തസ്തികകൾ സൃഷ്ടിച്ചത്.നിയമനം നടത്തുന്നതിനുള്ള അനുബന്ധചട്ടങ്ങളോ സർക്കാർ ഉത്തരവുകളോ കൂടാതെയാണ് വിസി നിയമന നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
സ്ഥിരം തസ്തിക സൃഷ്ടിക്കുന്നതിന് എറണാകുളം ജില്ലക്കാരനായ നിലവിലെ മന്ത്രി മുൻ ഫിഷറീസ് മന്ത്രിയെ സ്വാധീനിച്ചാണ് നിയമ ഭേദഗതി ഓർഡിനൻസ് അംഗീകരിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.
വിസി തന്നെ നാമനിർദ്ദേശം ചെയ്ത നാലാംഗ സെലക്ഷൻ കമ്മിറ്റിയാണ് ഇൻറർവ്യൂ നടത്തി രണ്ടുപേരുടെയും ഭാര്യമാരെ തസ്തികളിലേക്ക് ശുപാർശചെയ്തത്.
സർവകലാശാലകളിലെ ഉന്നത അക്കാദമിക് തസ്തികകൾ ദേശീയതലത്തിൽ പത്രങ്ങളിൽ പരസ്യം ചെയ്യണമെന്ന യുജിസി വ്യവസ്ഥ ലംഘിച്ചാണ് നിയമനം. പത്രങ്ങളിൽ പരസ്യം വിജ്ഞാപനം ചെയ്യാത്തതുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ളവർക്ക് ഈ തസ്തികകളിൽ അപേക്ഷിക്കാനുള്ള അവസരം നഷ്ടപെടുത്തിയതായും ആരോപണമുണ്ട്.
സ്വന്തം ഭാര്യമാരെ ഉന്നത തസ്തികകളിൽ നിയമിക്കുന്നതിന് ഔദ്യോഗിക അധികാരം ദുർവിനിയോഗം ചെയ്ത വിസി യെയും രജിസ്ട്രാറെയും തൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ഭാര്യമാർക്ക് നിയമനങ്ങൾ നൽകിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, സെക്രട്ടറി എം.ഷാജർഖാൻ എന്നിവർ ഗവർണർക്കും ഫിഷറീസ് മന്ത്രിക്കും നിവേദനം നൽകി.
സിപിഎം ന്റെ യുവ എംഎൽഎ മാരുടെ ഭാര്യമാർക്ക് സർവകലാശാലകളിൽ അധ്യാപകരായി നിയമനങ്ങൾ നൽകിയതിന്റെ ചുവട് പിടിച്ച് വിസി യും രജിസ്ട്രാറും ഭാര്യമാരെ നിയമിച്ചതിനെ സിപിഎം നോ പുതിയ ഫിഷറീസ് മന്ത്രിക്കോ തള്ളിപ്പറയാനാവില്ലെന്ന് സമിതി കുറ്റപ്പെടുത്തി.