തിരുവനന്തപുരം: കോൺഗ്രസിൻ്റെ സംഘടനാ ദൗർബല്യം ഹൈക്കമാൻഡ് സംഘത്തിന് മുന്നിൽ തുറന്നു പറഞ്ഞ് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥികളുടെ സ്ലിപ്പ് നൽകാൻ പോലും ആളില്ലാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നതെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ സമിതിക്ക് മുന്നിൽ രമേശ് ചെന്നിത്തല പറഞ്ഞു.
കെപിസിസി പ്രസിഡൻ്റ് മുലപ്പള്ളി രാമചന്ദ്രനെ പേരെടുത്ത് കുറ്റപ്പെടുത്തിയില്ലെങ്കിലും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമാണെന്ന് ചെന്നിത്തല വ്യക്തമാക്കി. സർക്കാരിൻ്റെ അഴിമതികൾ താഴേത്തട്ടിലേക്കെത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ബൂത്ത് തലം മുതൽ പ്രവർത്തനം നിർജീവമായിരുന്നു. ഫലത്തിൽ മുല്ലപ്പള്ളിയുടെ നിഷ്ക്രിയത്വം പറയാതെ പറഞ്ഞായിരുന്നു ചെന്നിത്തല തൻ്റെ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഓരോ പരാജയങ്ങളും പുതിയ പുതിയ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുകയാണ് വേണ്ടത്.
കോൺഗ്രസിനെയും യുഡിഎഫിനെയും തിരികെ കൊണ്ടുവരാനുള്ള പോരാട്ടത്തിൽ മുന്നിൽത്തന്നെ ഉണ്ടാകും. പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി ഒരുമിച്ചു നിൽക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.