ന്യൂഡെല്‍ഹി: സുബോധ് കുമാര്‍ ജയ്സ്വാളിനെ സിബിഐയുടെ പുതിയ ഡയറക്ടറായി നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിച്ചത്.
1985 ബാച്ച് ഐഎഎസ് ഓഫിസറായിരുന്ന ജയ്സ്വാൾ മഹാരാഷ്ട്ര കേഡറാണ്. നിലവിൽ സിഐഎസ്എഫ് മേധാവിയാണ് ജയ്സ്വാൾ. മുംബൈ പോലീസ് കമ്മീഷണർ, മഹാരാഷ്ട്ര ഡിജിപി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. റോയില്‍ ഒന്‍പത് വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കേരള ഡിജിപി ലോക്നാഥ് ബഹ്റ ഉൾപ്പടെ 12 പേരാണ് പട്ടികയാണ് ഉണ്ടായിരുന്നത്. സിഐഎസ്എഫ് മേധാവി സുബോധ് കുമാര്‍ ജയ്സ്വാൾ, എസ്എസ്ബി ഡയറക്ടര്‍ ജനറല്‍ കെ. ആർ. ചന്ദ്ര, ആഭ്യന്തര മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി വി.എസ്.കെ. കൗമുദി എന്നിവരാണ് അവസാനം തയാറാക്കിയ പട്ടികയില്‍ മുന്നിട്ട് നിന്നിരുന്നത്.
നിയമിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും സര്‍വീസ് കാലാവധിയുണ്ടായിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് എൻ.വി. രമണ എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് ബെഹ്റ അടക്കമുള്ളവര്‍ പുറത്തായത്. നിയമനകാര്യ സമിതി ഈ ചട്ടം പാലിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു. ഇതിനെ ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പിന്തുണച്ചു.
ഇതോടെ ജൂണ്‍ 20നു വിരമിക്കുന്ന ലോക്നാഥ് ബെഹ്റ, ഓഗസ്റ്റ് 31നു വിരമിക്കുന്ന ബിഎസ്എഫ് മേധാവിയായ രാകേഷ് അസ്താന, മേയ് 31നു വിരമിക്കുന്ന എന്‍ഐഎ മേധാവി വൈ.സി. മോദി എന്നിവര്‍ അയോഗ്യരാകുകയായിരുന്നു.