ആലപ്പുഴ: കൊറോണ ബാധിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച സ്ത്രീയുടെ നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ ആശുപത്രിയിലെ ലോക്കറിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഹരിപ്പാട് മുട്ടം ശ്രീകൈലാസം വത്സലകുമാരിയുടെ (59) ഏഴുപവനാണ് കൊറോണ ഐസിയുവിന് മുന്നിലെ ലോക്കറിൽനിന്ന് പോലീസ് കണ്ടെത്തിയത്.കഴിഞ്ഞ 12നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ താലിമാലയും വളയും കമ്മലും ഉൾപ്പെടെ ഏഴുപവൻ ധരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇത് ബന്ധുക്കളെ തിരിച്ചേൽപിച്ചിരുന്നില്ല. തുടർന്നാണ് ബന്ധുക്കൾ ആശുപത്രി സുപ്രണ്ട് ആർ.എം. രാംലാലിന് പരാതി നൽകിയത്. സൂപ്രണ്ടിൻ്റെ നിർദ്ദേശാനുസരണം പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് കലക്ടർക്കും അമ്പലപ്പുഴ പോലീസിനും പരാതി സൂപ്രണ്ട് പരാതി നൽകിയത്. അമ്പലപ്പുഴ ഡിവൈ.എസ്പി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിച്ചുവരുന്നതിനിടെയാണ് ലോക്കറിൽനിന്ന് ഇവ കണ്ടെടുത്തത്.
കൊറോണ ചികിത്സയിലുള്ളവരുടെ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ജീവനക്കാർ ബന്ധുക്കളെ രേഖാമൂലം ഏൽപിക്കുകയോ ലോക്കറിൽ സൂക്ഷിക്കുകയോ വേണം. ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ രേഖകൾ രജിസ്റ്ററിൽ സൂക്ഷിക്കണമെന്നുമുണ്ട്. എന്നാൽ, ജീവനക്കാർ ഇത് കൃത്യമായി രജിസ്റ്ററിൽ സൂക്ഷിച്ചിരുന്നില്ല. രോഗി ആശുപത്രി വിട്ടുപോകുകയോ മരിക്കുകയോ ചെയ്താൽ രജിസ്റ്ററിലെ രേഖകൾ പരിശോധിച്ചാണ് വിലപിടിപ്പുള്ള വസ്തുക്കൾ കൈമാറുന്നത്. ഇങ്ങനെ വന്ന വീഴ്ചയാണ് ഇവിടെ സംഭവിച്ചത്.
തുമ്പോളി വാലയിൽ വീട്ടിൽ ജോസഫിൻ്റെ ഭാര്യ ആനി ജോസഫിൻ്റെ (58) രണ്ടര പവൻ മാലയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും നടന്നുവരുകയാണ്.