വിവാദ പ്രസ്താവന; ബാബ രാംദേവിനെതിരെ കോടികളുടെ മാനഷ്ട നോട്ടീസ് അയച്ച് ഐഎംഎ

ന്യൂഡെൽഹി: അലോപ്പതി ചികിത്സയ്ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ബാബാ രാംദേവിനെതിരെ മാനഷ്ട നോട്ടിസ് അയച്ച്‌ ഐഎംഎ. അലോപ്പതി ചികിത്സയ്ക്കെതിരെയും മരുന്നുകൾക്കെതിരെയും വിവാദ പ്രസ്താവന നടത്തിയതിനെ തുടർന്നാണ് 1,000 കോടി രൂപയുടെ മാനനഷ്ട നോട്ടിസ് അയച്ചതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉത്തരാഖണ്ഡ് ഘടകം വ്യക്തമാക്കി.

വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ രാംദേവിന് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഐ.എം.എ കത്തയച്ചു. അലോപ്പതി ചികിത്സയ്ക്കും മരുന്നുകൾക്കും എതിരായ രാംദേവിന്റെ പ്രസ്താവന പിൻവലിക്കുന്നതായി വിഡിയോ പോസ്റ്റ് ചെയ്യണമെന്നും ഔദ്യോഗികമായി ഖേദപ്രകടനം നടത്തണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

പ്രസ്താവന വിവാദമായതിനെ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ ബാബ രാംദേവിനോട് വിയോജിപ്പ് അറിയിച്ചിരുന്നു. തുടർന്ന് തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും, പ്രസ്താവന പിൻവലിക്കുന്നതായും രാംദേവ് അറിയിച്ചു. അതേസമയം, ഐഎംഎയുടെ ആരോപണങ്ങൾ തെറ്റാണെന്നും, വാട്‌സാപ്പിൽ വന്ന സന്ദേശം രാംദേവ് വായിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും പതഞ്ജലി യോഗപീഠ് അവകാശപ്പെട്ടു.