ന്യൂഡെൽഹി: സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടുന്ന പുതിയ നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. അധികൃതർ അപകീർത്തികരമായി കാണുന്ന സന്ദേശങ്ങളും പോസ്റ്റുകളും 36 മണിക്കൂറിനകം നീക്കണമെന്നാണ് നിർദ്ദേശം. പരാതികൾ പരിഹരിക്കാൻ രാജ്യത്തുതന്നെ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
ഫെബ്രുവരിയിലാണ് രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളടങ്ങുന്ന വ്യവസ്ഥകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതുപ്രകാരം രാജ്യത്തുതന്നെ പരാതി പരിഹാര ഉദ്യോഗസ്ഥനെയും നോഡൽ ഉദ്യോഗസ്ഥനെയും വെക്കണമെന്ന നിർദേശം പക്ഷേ, ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ പാലിച്ചില്ല. 50 ലക്ഷം വരിക്കാരുള്ള കമ്പനികളാണ് പട്ടികയിലുള്ളത്.
ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങി ഡിജിറ്റൽ ഭീമന്മാരുടെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിൽ പുതിയ ഐ.ടി നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇവയ്ക്ക് നിയന്ത്രണങ്ങൾ ഏറും. രാജ്യത്ത് 53 കോടി വാട്സാപ് ഉപയോക്താക്കളുണ്ട്. യൂട്യൂബിൽ 44.8 കോടി, ഫേസ്ബുക്ക് 41 കോടി, ഇൻസ്റ്റഗ്രാം 11 കോടി, ട്വിറ്റർ 1.75 കോടി എന്നിങ്ങനെയാണ് മറ്റുള്ളവയുടെ സാന്നിധ്യം.
സമൂഹ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഉദ്ദേശിക്കുന്ന നിയമം ഇവയുടെ പ്രവർത്തനത്തെ എത്രകണ്ട് സ്വാധീനിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിബന്ധനകൾക്കു വഴങ്ങാൻ കഴിഞ്ഞ ഫെബ്രുവരി 25ന് മൂന്നു മാസത്തെ ഇളവ് എല്ലാ സമൂഹ മാധ്യമങ്ങൾക്കും സർക്കാർ നൽകിയിരുന്നു. ആറു മാസം നൽകണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയിരുന്നില്ല.
ബുധനാഴ്ച പ്രാബല്യത്തിലാകുന്നതോടെ സർക്കാർ വക ഇളവുകൾ കമ്പനികൾക്ക് നഷ്ടമാകും. അതോടെ, ഇത്തരം പോസ്റ്റുകൾക്ക് രാജ്യത്തെ ശിക്ഷാനിയമ പ്രകാരം കമ്പനികൾ നടപടികൾ നേരിടേണ്ടിവരും. നിർദേശം പാലിക്കാത്ത പക്ഷം ഐ.ടി നിയമത്തിലെ 79ാം വകുപ്പ് പ്രകാരമുള്ള സുരക്ഷ നഷ്ടമാകുമെന്നാണ് ഭീഷണി. ഈ വകുപ്പ് സമൂഹ മാധ്യമങ്ങൾക്ക് ക്രിമിനൽ നടപടികളിൽ സുരക്ഷ നൽകുന്നുണ്ട്. എന്നാൽ, യു.എസ് ആസ്ഥാനമായ കമ്പനികൾ ഈ വിഷയത്തിൽ മേധാവികളുടെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നാണ് സൂചന.
അതിനിടെ, പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാറിനുമെതിരെ പോസ്റ്റുകൾ വന്നുവെന്ന് ആരോപിച്ച് തിങ്കളാഴ്ച ഡൽഹി പൊലീസ് ഐ.ടി സെൽ ഉദ്യോഗസ്ഥർ ഡൽഹിയിലെയും ഗുഡ്ഗാവിലെയും ട്വിറ്റർ ആസ്ഥാനത്ത് എത്തി നോട്ടീസ് നൽകിയിരുന്നു. ചില പോസ്റ്റുകൾ നീക്കാൻ കേന്ദ്രം നിർദേശം നൽകിയതിനു പിന്നാലെയായിരുന്നു നടപടി. കോൺഗ്രസ് നൽകിയ ടൂൾകിറ്റ് ഉപയോഗിച്ച് കേന്ദ്രത്തിനെതിരെ വ്യാപക പ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പോസ്റ്റുകൾ നീക്കാൻ നിർദേശം. നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുളള കടന്നുകയറ്റമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.