നിയമസഭക്ക് പുറത്ത് സ്പീക്കർ രാഷ്ട്രീയം പറഞ്ഞാൽ സഭാ നടപടികൾ തടസപ്പെടാൻ ഇടയാക്കും; മുന്നറിയിപ്പുമായി വിഡി സതീശൻ

തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുന്നമെന്ന സ്പീക്കറുടെ പ്രസ്താവന കേരളത്തിന്‍റെ ചരിത്രത്തിൽ ആദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്നത് വേദനിപ്പിച്ചു. അത്തരം പ്രസ്താവന സംഘർഷത്തിന് വഴിവെക്കുമെന്ന് സതീശൻ മുന്നറിയിപ്പ് നൽകി.

നിയമസഭക്ക് പുറത്ത് സ്പീക്കർ രാഷ്ട്രീയം പറഞ്ഞാൽ അതിന് മറുപടി പറയും. നിയമസഭക്കുള്ളിൽ അത് ഒളിച്ചുവെക്കാൻ പ്രതിപക്ഷത്തിന് സാധിക്കില്ല. അത് സഭാ നടപടികൾ തടസപ്പെടാൻ ഇടയാക്കും. അതിനാൽ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുന്നത് ഒഴിവാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ജനാധിപത്യത്തെ കൂടുതൽ ചാരുത നൽകുന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം. പ്രതിപക്ഷ പ്രവർത്തനത്തിന് പൂർണ സഹകരണം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. സഭയുടെ നീതിപൂർവമായ പ്രവർത്തനത്തിന് ഊന്നൽ നൽകുമെന്ന് പ്രത്യാശിക്കുന്നു. 10 വർഷത്തെ ഇന്ത്യൻ പാർലമെന്‍റിലെ പരിചയം സഭയുടെ പ്രവർത്തനങ്ങൾക്ക് ഗുണകരമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

നിയമനിർമാണത്തിലും മറ്റ് നടപടിക്രമങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ കേരള നിയമസഭയുടെ നാഥനായി തെരഞ്ഞെടുത്തതിൽ വലിയ പ്രാധാന്യമുണ്ട്. 1957 ഏപ്രിൽ അഞ്ചിന് നിലവിൽ വന്നത് മുതൽ സഭയുടെ ഉന്നതമായ പാരമ്പര്യം ഉയർത്തിപിടിക്കുന്നതിൽ കേരള നിയമസഭ മുന്നിട്ടു നിൽക്കുന്നു. എന്നാൽ, 13ാം നിയമസഭയിലുണ്ടായ ദൗർഭാഗ്യകരമായ കാര്യങ്ങൾ വിസ്മരിക്കുന്നില്ലെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.