തിരുവനവന്തപുരം : ലക്ഷദ്വീപിൽ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പാക്കുന്ന പുതിയ നയങ്ങൾക്കെതിരെ കേരളത്തിൽ നിന്നുൾപ്പെടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിര രൂക്ഷ വിമർശനവുമായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധ കമന്റുകളുമായി മലയാളികൾ രംഗത്തെത്തി.
ലക്ഷദ്വീപ് നിവാസികളുടെ സ്വൈര്യജീവിതം തകർക്കാനുള്ള നീക്കത്തിൽ നിന്ന് അഡ്മിനിസ്‌ട്രേറ്റർ പിൻമാറണമെന്നാവശ്യപ്പെട്ടാണ് മലയാളികൾ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റർ നടപ്പിലാക്കുന്ന പുതിയ നയങ്ങൾ ലക്ഷദ്വീപിന്റെ സംസ്‌കാരത്തെയും സാമൂഹിക ജീവിതത്തെയും തകർക്കുമെന്നും നടപടികളിൽ നിന്ന് പിൻമാറണമെന്നും കമന്റുകളിൽ ആവശ്യപ്പെടുന്നു.
ഗോബാക്ക് പട്ടേൽ, സ്റ്റാൻഡ് വിത്ത് ലക്ഷദ്വീപ്, സേവ് ലക്ഷദ്വീപ് തുടങ്ങിയ ഹാഷ് ടാഗുകളുമായാണ് പ്രതിഷേധകമന്റുകൾ. അഡ്മിനിസ്‌ട്രേറ്റർ നടത്തുന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികളാണെന്നും സമാധാനപരമായി ജീവിക്കുന്ന ജനതയെ ക്രൂരമായി ദ്രോഹിക്കുകയാണെന്നും കമന്റുകളിൽ ആരോപിക്കുന്നു.
തികച്ചും ജനാധിപത്യവിരുദ്ധവും ഒരുവിധത്തിലും ന്യായീകരിക്കാനാകാത്തതുമായ നീക്കങ്ങളിൽ നിന്ന് പിൻമാറണമെന്നും മനസമാധനം തകർക്കാതെ ഇറങ്ങിപ്പോകൂ എന്നും ഇവർ ആവശ്യപ്പെടുന്നു, പ്രഫുൽ പട്ടേലിന് മലയാളം മനസിലാകില്ലെന്നതിനാൽ ഗുജറാത്തി ഭാഷയിലും നിരവധി കമന്റുകൾ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.