ചെന്നൈ: വിദ്യാർത്ഥികൾക്ക് അശ്ലീലം സന്ദേശം അയയ്ക്കുകയും ഓൺലൈൻ ക്ലാസിൽ തോർത്ത് മുണ്ട് മാത്രം ഉടുത്ത് പ്രത്യക്ഷപ്പെടുകയും ചെയ്ത അധ്യാപകനെ അറസ്റ്റ് ചെയ്തു. ചെന്നൈ കെ.കെ. നഗർ പിഎസ്ബിബി സ്‌കൂളിലെ അധ്യാപകനെയാണ് പോക്സോ വകുപ്പുകൾ ചുമത്തി ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം അധ്യാപകനെതിരെ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ സ്കൂൾ മാനേജ്മെൻറ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഓൺലൈൻ ക്ലാസിൽ തോർത്ത് മാത്രം ഉടുത്തു കൊണ്ടാണ് അധ്യാപകൻ എത്തുന്നതെന്നും തങ്ങൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
ഒട്ടേറെ വിദ്യാർഥികളാണ് അധ്യാപകനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തി. പെൺകുട്ടികളോട് അവരുടെ ചിത്രങ്ങൾ അയച്ചു നൽകാൻ അധ്യാപകൻ ആവശ്യപ്പെട്ടതായും ചിലർ പറഞ്ഞു. പെൺകുട്ടികളുടെ ചിത്രങ്ങളെക്കുറിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും പതിവാണ്.
നിലവിൽ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് അധ്യാപകനെതിരെ ആദ്യം രംഗത്തെത്തിയത്. ഇതോടെ സ്‌കൂളിലെ പൂർവ്വവിദ്യാർഥികളും ഇതേ അധ്യാപകനിൽ നിന്ന് തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.