തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിനിടെ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകി. നിശ്ചിത ദിവസം കട തുറക്കാൻ അനുവദിക്കും.
നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമുള്ള ചെത്തുകല്ല് വെട്ടാൻ അനുമതി നൽകും. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഇളവ് നൽകും. വാഹനങ്ങൾ തടയാൻ പാടി്ല്ല.
വയനാട്ടിലും ഇടുക്കിയിലും മലഞ്ചരക്ക് കടകൾ രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളിൽ ആഴ്ചയിൽ ഒരു ദിവസം മലഞ്ചരക്ക് കടകൾ തുറക്കാനും അനുമതി നൽകും. റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഇടാനുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾക്കും നിശ്ചിത ദിവസം ഇളവ് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം രോഗവ്യാപനം കുറയ്ക്കാൻ ലോക്ഡൗൺ സഹായിച്ചു. രോഗബാധിതരുടെ എണ്ണം സാവധാനം കുറയുകയാണ്. എന്നാൽ ആശുപത്രിയിൽ ചികിത്സിക്കുന്നവരുടെ എണ്ണം കൂടുകയാണ് . ആശുപത്രികളിലെ തിരക്ക് കുറയാൻ രണ്ട് മുതൽ മൂന്ന് ആഴ്ച വരെ എടുത്തേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.