ന്യൂഡെൽഹി: സിബിഐയുടെ പുതിയ ഡയറക്ടർ ആരെന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതാധികാരസമിതി യോഗംചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
കേന്ദ്ര അന്വേഷണ ഏജൻസികളിൽ മുൻപരിചയമുള്ള മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ പഴ്സണൽ ആൻഡ് ട്രെയ്നിങ് വകുപ്പ് തീരുമാനിക്കുകയും ഇതിൽനിന്നൊരാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. സിബിഐ ഡയറക്ടർ ആർകെ ശുക്ല ഫെബ്രുവരി മൂന്നിനു വിരമിച്ചതിനാൽ പ്രവീൺ സിൻഹയാണ് താത്കാലിക ചുമതല വഹിക്കുന്നത്.
1985-86 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥരെയാണ് ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അതിർത്തി രക്ഷാസേന ഡയറക്ടർ ജനറലും മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറലുമായ രാകേഷ് അസ്താനയ്ക്കാണ് കൂടുതൽ സാധ്യതയെന്നാണ് സൂചന.1985 ബാച്ച് ഐപിഎസ്. ഉദ്യോഗസ്ഥനായ കേരള പോലീസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേരും അന്തിമപട്ടികയിലുണ്ട്.
2009-ൽ എൻ.ഐ.എ.യുടെ ആദ്യ സംഘത്തിലുണ്ടായിരുന്നതും മുൻപ് സി.ബി.ഐ.യിൽ പ്രവർത്തിച്ച പരിചയവുമാണ് ബെഹ്‌റയെ പരിഗണിക്കാൻ കാരണം. എൻഐഎ. മേധാവി വൈ.സി. സിവിൽ ഏവിയേഷൻ ബ്യൂറോ ഡയറക്ടർ ജനറൽ എം.എ. ഗണപതി, ഹിതേഷ്ചന്ദ്ര അശ്വതി എന്നിവരാണ് പട്ടികയിലെ മറ്റുപ്രമുഖർ.