കൊറോണ പ്രതിരോധ മരുന്നുകൾ വൻതോതിൽ സൂക്ഷിച്ചു; ഗൗതം ഗംഭീറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡെൽഹി ഹൈക്കോടതി. കൊറോണ ചികിത്സയ്ക്കുള്ള മരുന്നുകൾ വൻതോതിൽ സൂക്ഷിച്ചതിൽ ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി നിർദേശം.

നേരത്തെ രോഗികൾക്ക് പ്രതിരോധ മരുന്നുകളും, ഓക്‌സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിൽ മുൻകൈ എടുത്തിരുന്നു അദ്ദേഹം. ഗംഭീറിന്റെ പ്രവർത്തനങ്ങൾ കയ്യടി നേടുകയും ചെയ്തു. ഗംഭീർ ചെയ്തത് വലിയ കാര്യമെങ്കിലും മരുന്നുകൾ വൻതോതിൽ സൂക്ഷിച്ചതിൽ അപക്വമായിപോയെന്നാണ് കോടതിയുടെ കണ്ടെത്തൽ.

മരുന്ന് ദൗർലഭ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൗതം ഗംഭീറിന്റെ നടപടി ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയെന്നും ഹൈക്കോടതി വിമർശിച്ചു. ഒരാഴ്ചയ്ക്കകം അന്വേഷണപുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡൽഹി ഹൈക്കോടതി നിർദേശം നൽകി.