സീരിയലുകളിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു; സെൻസറിംഗ് ഏർപ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ടെലിവിഷൻ സീരിയലുകളിൽ സെൻസറിംഗ് നടത്തുന്നത് പരിഗണനയിലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഗൗരവകരമായി വിഷയം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

കുട്ടികളും സ്ത്രീകളും വീട്ടുകാരും കാണുന്ന സീരിയലുകളിൽ വരുന്ന അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദർശിപ്പിക്കുന്നുണ്ട്. പണ്ട് കാലത്ത് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങൾ വ്യാപകമായിരുന്നു. ഇപ്പോൾ അത് മാറി സീരിയലുകളിലാണ് ജനങ്ങൾ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

സാംസ്‌കാരിക മേഖലയെ സംബന്ധിച്ച് ഒരു നയം കൊണ്ടുവരും. നമ്മുടെ നാട് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും നാടാണ്. ലോകത്തിന് മാതൃകയായ സംസ്ഥാനമാണ്. രാജ്യത്ത് വർഗീയ ശക്തികൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംജാതിബോധവും മതഭ്രാന്തുമുണ്ടെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ നേതൃത്വത്തിൽ മലയാളത്തിൽ ഒരു ഒടിടി പ്ലാറ്റ്‌ഫോം കൊണ്ടു വരുന്നതും പരിഗണനയിലുണ്ടെന്നും സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.