ന്യൂഡെൽഹി: രാജ്യത്ത് 2021ൽ ലഭ്യമാകില്ലെങ്കിലും മൂക്കിലൂടെ വാക്സിൻ ഡോസ് സ്വീകരിക്കുന്ന ഇന്ത്യൻ നിർമിത‘ നേസൽ കൊറോണ വാക്സിൻ’ കുട്ടികളിലെ കൊറോണ ബാധയെ പ്രതിരോധിക്കാൻ ഏറെ സഹായകമാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥൻ. കൊറോണ മൂന്നാം തരംഗം ഇന്ത്യയിൽ കുഞ്ഞുങ്ങളെയാണ് ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്ന റിപ്പോർട്ടുകൾക്കിടെയാണിത് ഡോ.സൗമ്യയുടെ വെളിപ്പെടുത്തൽ.
‘ഇന്ത്യൻ നിർമിത നേസൽ വാക്സിനുകൾ കുട്ടികൾക്കുള്ള കൊറോണ പ്രതിരോധ മാർഗങ്ങളിലെ ചാലക ശക്തിയാകും. ഇത് മൂക്കിലൂടെ ഇറ്റിച്ച് നൽകാൻ എളുപ്പമാണ്. ഇവ രോഗപ്രതിരോധശേഷി കൂട്ടും’ ശിശുരോഗ വിദഗ്ദ കൂടിയായ ഡോ. സൗമ്യ വെളിപ്പെടുത്തി .
കൂടുതൽ മുതിർന്നവർക്ക്, പ്രത്യേകിച്ച് അധ്യാപകർക്ക് വാക്സിൻ നൽകേണ്ടതുണ്ടെന്നും സമൂഹ വ്യാപന സാധ്യത കുറയുമ്പോൾ മാത്രമേ സ്കൂളുകൾ വീണ്ടും തുറക്കാൻ പാടുള്ളൂ എന്നും അവർ പറഞ്ഞു. ‘ആത്യന്തികമായി ഞങ്ങൾ കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഈ വർഷം അത് നടക്കില്ല. സമൂഹ വ്യാപനം കുറയുമ്പോൾ സ്കൂളുകൾ തുറക്കണം. മറ്റ് മുൻകരുതലുകൾക്കൊപ്പം ബാക്കി രാജ്യങ്ങളും അതാണ് ചെയ്തത്. അധ്യാപകർക്ക് വാക്സിനേഷൻ ചെയ്താൽ അത് ഒരു വലിയ ചുവടുവെപ്പായിരിക്കും’ ഡോ. സൗമ്യ കൂട്ടിച്ചേർത്തു.
അതെ സമയം കുട്ടികൾ കൊറോണ രോഗബാധയിൽ നിന്ന് മുക്തരല്ലെന്നും എന്നാൽ ആഘാതം വളരെ കുറവാണെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘കുട്ടികൾക്ക് കൊറോണ ബാധിച്ചാൽ, ഒന്നുകിൽ രോഗലക്ഷണങ്ങൾ ഉണ്ടാകില്ല അല്ലെങ്കിൽ കുറഞ്ഞ ലക്ഷണങ്ങളുണ്ടാകും. അവരെ പൊതുവെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല’-നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ അഭിപ്രായപ്പെട്ടു .