ന്യൂഡെല്‍ഹി :ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ രാവിലെയോടെ ‘യാസ്’ ചുഴലിക്കാറ്റായി മാറും. മെയ് 26 ന് വൈകുന്നേരം വടക്കന്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്ത് എത്തി പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ല. അതേസമയം ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഢീഷ, പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തി.
കിഴക്കന്‍ തീരങ്ങളിലെ സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്രം നല്‍കി. മുംബൈ ബാര്‍ജ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ തീരത്ത് നിന്നും അകലെ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതടക്കം നടപടികള്‍ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേനയുടെ 85 സംഘങ്ങളെ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. നാവിക സേനയുടെ നാല് കപ്പലുകള്‍ക്ക് രക്ഷപ്രവര്‍ത്തനത്തിന് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോസ്റ്റ് ഗാര്‍ഡിന്റെ നേത്യത്വത്തിലും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.